International
ദിവസങ്ങളുടെ അലച്ചിലിന് ശേഷം അഭയാര്‍ഥികള്‍ ഇന്തോനേഷ്യയില്‍

ജക്കാര്‍ത്ത: ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള 750ലധികം അഭയാര്‍ഥികളെ ഇന്തോനേഷ്യന്‍ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കടലില്‍ ഒഴുകി നടക്കുകയായിരുന്ന ബോട്ടില്‍ ഇവരെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഇന്തോനേഷ്യന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ നല്ലൊരു ശതമാനവും മ്യാന്‍മറിലെ ബുദ്ധ തീവ്രവാദികളെ ഭയന്ന് നാടുവിട്ട റോംഹിംഗ്യന്‍ മുസ്‌ലിംകളാണ്.
മ്യാന്‍മറും ബംഗ്ലാദേശും അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രപാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉച്ചകോടി മ്യാന്‍മര്‍ ബഹിഷ്‌കരിക്കാനിരിക്കുകയാണ്. തങ്ങളുടെ പൗരന്‍മാരാരും അഭയാര്‍ഥികളകുന്നില്ലെന്നാണ് അവരുടെ അവകാശവാദം. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് മ്യാന്‍മര്‍ സമ്പൂര്‍ണ പൗരത്വം നല്‍കിയിട്ടില്ല. മ്യാന്‍മറിലെ കിഴക്കന്‍ പ്രവിശ്യയില്‍ കഴിയുന്ന പത്ത് ലക്ഷത്തോളം വരുന്ന റോഹിംഗ്യ മുസ്‌ലിംകള്‍ ലോകത്തെ ഏറ്റവും അരക്ഷിതമായ സമൂഹമാണ്.
മലേഷ്യന്‍ തീരത്തെത്തിയ അഭയാര്‍ഥികളെ കഴിഞ്ഞ ദിവസം അധികൃതര്‍ തിരിച്ചയച്ചിരുന്നു. ഇവരുടെ ബോട്ടുകള്‍ കലില്‍ അലയുകയായിരുന്നു. ഈ ബോട്ടുകളില്‍ നിന്നാണ് ഇന്തോനേഷ്യന്‍ പോലീസ് ഇവരെ രക്ഷപ്പെടുത്തിയത്. ഇത്തരത്തില്‍ മൊത്തം 8,000 അഭയാര്‍ഥികള്‍ തെക്കുകിഴക്കനേഷ്യന്‍ കടലില്‍ ഒഴുകി നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരെ സ്വീകരിക്കാന്‍ മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ സര്‍ക്കാറുകള്‍ തയ്യാറാകുന്നില്ല. പുനരധിവാസത്തിനുള്ള യു എന്‍ സഹായം കൈപ്പറ്റിയിട്ടും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാകത്തതില്‍ യു എന്നും യു എസും അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. മലേഷ്യന്‍ നാവിക സേന തിരിച്ചയച്ചവരെയാണ് രക്ഷപ്പെടുത്തിയതെന്ന് ലാന്‍ഗ്‌സാ നഗരത്തിലെ പോലീസ് മേധാവി സുനരയ പറഞ്ഞു. ആച്ചേ പ്രവിശ്യയിലാണ് ലാന്‍ഗ്‌സാ.
ഏതാനും ദിവസങ്ങളിലായി 1300 ഓളം അഭയാര്‍ഥികള്‍ ആച്ചേ പ്രവിശ്യയില്‍ എത്തിയിട്ടുണ്ട്. വെള്ളവും ഭക്ഷണവും ഇല്ലാതെ അര്‍ധപ്രാണനായാണ് അഭയാര്‍ഥികള്‍ കടലില്‍ അലയുന്നത്. നിരവധി പേര്‍ മരിക്കുന്നുണ്ട്. “ഞങ്ങള്‍ക്ക് ഒന്നും കഴിക്കാനുണ്ടായിരുന്നില്ല. വെള്ളവും ഇല്ല. കുട്ടികള്‍ക്ക് മുഴുവന്‍ രോഗം വന്നു. നിരവധി പേര്‍ മരിച്ചു”വെന്ന് രോഹിംഗ്യന്‍ വീട്ടമ്മയായ സാജിത(27) പറഞ്ഞു. കുട്ടികളും വൃദ്ധരും അടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചതെന്നും മ്യാന്‍മറിലെ റാഖിനെ പ്രവിശ്യയില്‍ ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
അഭയാര്‍ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈമാസം 29നാണ് തായ് സര്‍ക്കാര്‍ ഉച്ചകോടി വിളിച്ചിരിക്കുന്നത്. ഈ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് മലേഷ്യ വ്യക്തമാക്കിയിട്ടുണ്ട്. “മ്യാന്‍മറിലെയും ബംഗ്ലാദേശിലേയും സര്‍ക്കാറുകള്‍ക്കാണ് അഭയാര്‍ഥി പ്രവാഹത്തിന്റെ ഉത്തരവാദിത്വം. റോഹിംഗ്യന്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുന്ന ബുദ്ധ തീവ്രവാദികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മ്യാന്‍മര്‍ ഭരണ കൂടം തയ്യാറായിട്ടില്ല. ഇതില്‍ മലേഷ്യക്ക് യാതൊന്നും ചെയ്യാനില്ല”- മലേഷ്യന്‍ ഉപ ആഭ്യന്തര മന്ത്രി വാന്‍ ജുനൈദി താങ്കു ജാഫര്‍ പറഞ്ഞു. അഭയാര്‍ഥി പ്രശ്‌നം ഗൗരവമേറിയ തലത്തിലേക്ക് നീങ്ങുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിലയിരുത്തി.