Ongoing News
ശരീരത്തില്‍ ചുടുരക്തം വഹിക്കുന്ന മത്സ്യത്തെ കണ്ടെത്തി

ന്യൂയോര്‍ക്ക്: ശരീരത്തില്‍ സദാസമയവും ചുടുരക്തം വഹിക്കുന്ന മത്സ്യത്തെ ഇതാദ്യമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അമേരിക്കയും ആസ്‌ത്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജലാശയത്തില്‍ കാണുന്ന ഓപ (Opah) എന്ന വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ശരീരത്തില്‍ ചുടുരകതം വഹിക്കുന്നതായി കണ്ടെത്തിയത്. സാധാരണ മത്സ്യങ്ങളില്‍ തണുത്ത രക്തമാണ് ഉണ്ടാകാറുള്ളത്. സ്രാവ് പോലുള്ള മത്സ്യങ്ങള്‍ക്ക് ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ചൂടാക്കാന്‍ സാധിക്കുമെങ്കിലും ഇവയ്ക്ക് രക്തം മുഴുവനും ചൂടുണ്ടാകാറില്ല. പക്ഷികളും സസ്തനികളും ചുടുരക്ത വാഹികളാണ്.
രക്തം എപ്പോഴും ചൂടാക്കി നിലനിര്‍ത്താന്‍ കാറുകളിലെ റേഡിയേറ്ററിന് സമാനമായ സംവിധാനം ഇവയുടെ ശരീരത്തിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. യു എസിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ശാസ്ത്രജഞരാണ് ഈ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. ഓവല്‍ ആകൃതിയില്‍ ഒരു കാര്‍ ടയറിന്റെ അത്രയും വലുപ്പമുള്ള മത്സ്യമാണ് ഓപ. സമുദ്രത്തില്‍ 50 മുതല്‍ 400 മീറ്റര്‍ വരെ താഴെയായാണ് ഇവയുടെ വാസം.