Connect with us

Wayanad

കരാറുകാരന്‍ പഴയ വീടിന്റെ തടികളും ഓടും പൊളിച്ച് മണ്ണിട്ടുമൂടിയെന്ന്‌

Published

|

Last Updated

കല്‍പ്പറ്റ: വീടുപണിയാന്‍ ഏല്‍പ്പിച്ച കരാറുകാരന്‍ പഴയ വീടിന്റെ തടികളും ഓടും പൊളിച്ച് മണ്ണിട്ടുമൂടിയതായി നെന്മേനി പഞ്ചായത്തിലെ റാട്ടക്കുണ്ട് കാങ്കടത്തില്‍ വീട്ടില്‍ തങ്കമ്മ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വിധവയും രോഗിയുമായ തങ്കമ്മ ഒറ്റക്കാണ് താമസിച്ചുപോരുന്നത്. പഞ്ചായത്തിന്റെ ആശ്രയ പദ്ധതി പ്രകാരം തങ്കമ്മക്ക് ലഭിച്ച വീട് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കി.കരാറുകാരന്‍ വീട് നിര്‍മിക്കാന്‍ തറ നിരത്താനായി ജെ സി ബി വിളിച്ചുകൊണ്ട് വരികയും തറക്ക് മണ്ണ് മാറ്റിയ കൂട്ടത്തില്‍ പഴയ വീടിന്റെ ഓടും മരങ്ങളും മണ്ണിട്ടു മൂടുകയുമാണ് ചെയ്തത്. പുതിയ വീട് പണിയുമ്പോള്‍ ഉപയോഗിക്കാന്‍ വെച്ചതായിരുന്നു മരവും ഓടുകളും. ഇത് കളയരുതെന്ന് കരാറുകാരനോട് പറഞ്ഞിരുന്നതാണെന്നും തങ്കമ്മ പറഞ്ഞു.
ജെ.സി.ബി. ഉപയോഗിച്ച് മണ്ണെടുക്കുന്ന സമയത്ത് താന്‍ മരുന്നു കഴിച്ച് തളര്‍ന്നു കിടക്കുകയായിരുന്നു. അതിനാല്‍ ഈ സാധനങ്ങള്‍ മൂടുന്നത് കാണാനോ തടയാനോ സാധിച്ചില്ല. പിന്നീട് പണികഴിഞ്ഞ് പണവും വാങ്ങി കരാറുകാരന്‍ പോയികഴിഞ്ഞ ശേഷം നോക്കിയപ്പോഴാണ് മര ഉരുപ്പടികളും മറ്റും മണ്ണിട്ടുമൂടിയതായി കണ്ടത്. ഇതേക്കുറിച്ച ചോദിച്ച തന്നെ അസഭ്യം പറഞ്ഞതായും തങ്കമ്മ പറഞ്ഞു.
ഇതിനെതിരെ അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും തങ്കമ്മ പറഞ്ഞു.

Latest