Connect with us

Wayanad

പകര്‍ച്ചവ്യാധി പ്രതിരോധം: 33 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Published

|

Last Updated

മാനന്തവാടി: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന സേഫ് കേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലും, വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജില്ലയിലാകെ 227 സ്‌കൂളുകളിലും 85 ഹോസ്റ്റലുകളിലുമാണ് പരിശോധന നടത്തിയത്. കുടിവെള്ള പരിശോധന കൃത്യമായി നടത്താത്തതും, ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകശാലകള്‍ വൃത്തിയായി സൂക്ഷിക്കാത്തതും, വിദ്യാര്‍ഥികളുടെയും, സ്റ്റാഫ് അംഗങ്ങളുടെയും എണ്ണത്തിനാനുപാതികമായി മൂത്രപ്പുരയും, ടോയ്‌ലറ്റ് സൗകര്യങ്ങളില്ലാത്തതും, അവ ശുചിത്വപൂര്‍ണ്ണമായി സൂക്ഷിക്കാത്തതും, കൊതുക് വളരുവാനുള്ള സാഹചര്യങ്ങളുള്ളതും, പുകയില വിരുദ്ധ ബോര്‍ഡ് സ്ഥാപിക്കാത്തതുമായ 33 സ്ഥാപനങ്ങള്‍ക്ക് അവ പാലിക്കുന്നതിനുള്ള നോട്ടീസ് നല്‍കി.
പുകയില നിരോധന നിയമപ്രകാരം സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രുപീകരിച്ചിട്ടില്ലാത്ത 13 സ്‌കൂളുകള്‍ക്കും നോട്ടീസ് നല്‍കി. ജൂണില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ ന്യൂനതകള്‍ പരിഹരിക്കണമെന്നും നിര്‍ദേശിച്ചു. ജില്ലയിലാകെ 13 വ്യത്യസ്ത സംഘങ്ങളാണ് പരിശോധന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി. ശശിധരന്‍, അര്‍ബന്‍ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. കെ.എസ്. അജയന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ.ടി. മോഹനന്‍, യു.കെ. കൃഷ്ണന്‍, സി.സി. ബാലന്‍, മാസ് മീഡിയ ഓഫീസര്‍മാരായ സഗീര്‍ സുധീന്ദ്രന്‍, ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, എ.എല്‍.ഒ. ഹമീദ്, ബ്ലോക്ക് പി.എച്ച്.ഡി. മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.