Connect with us

Thrissur

അരിപ്പവലകൊണ്ട് മീന്‍പിടിത്തം; മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു

Published

|

Last Updated

ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ അരിപ്പാലം പൂക്കോട്ടുപുഴയില്‍ ലേല ഉടമ അനധികൃതമായി അരിപ്പവല ഉപയോഗിച്ച് മത്സ്യംപിടിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഫിഷറീസ് ആക്ട് പ്രകാരം നിരോധിത ഉപകരണങ്ങളായ അരിപ്പവല, തടവല എന്നിവ ഉപയോഗിച്ച് മത്സ്യംപിടിക്കുന്നത് 15,000 രൂപ പിഴയും ആവര്‍ത്തിച്ചാല്‍ ആറ് മാസം തടവും ലഭിക്കുന്ന കുറ്റമാണ്. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് ലേല ഉടമയുടെ മീന്‍പിടിത്തം. അരിപ്പവല ഉപയോഗിച്ചുള്ള മീന്‍പിടിത്തം അടിത്തട്ടിലെ മല്‍സ്യസമ്പത്തിന് ഭീഷണിയാണ്. ചെറുമത്സ്യം ഉള്‍പ്പെടെയുള്ളവയെ പിടിക്കുമ്പോള്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് മീന്‍ ലഭിക്കാതെ വരികയും ഉപജീവനമാര്‍ഗം ഇല്ലാതാകുകയും ചെയ്യുന്നു. നാടന്‍ മല്‍സ്യക്കുഞ്ഞുങ്ങളെ പിടിച്ചു നശിപ്പിക്കുന്നതിനാല്‍ ഇവയുടെ വംശനാശം സംഭവിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാട്ടൂര്‍ പോലീസിലും ഫിഷറീസ് വകുപ്പിനും പരാതി നല്‍കുമെന്നും, നിയമപ്രകാരമല്ലാതെ നടത്തുന്ന മത്സ്യബന്ധനം തടയാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു സമരം നടത്തുമെന്നും കേരള മത്സ്യത്തൊഴിലാളി യൂനിയന്‍ മുകുന്ദപുരം താലൂക്ക് സെക്രട്ടറി എം ഐ ശമീര്‍, സി എ മുഹമ്മദാലി തുടങ്ങിയവര്‍ പറഞ്ഞു.