Connect with us

Kerala

വിഴിഞ്ഞം: നിര്‍മാണവും നടത്തിപ്പും അദാനിക്ക് നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ അദാനി ഗ്രൂപ്പിനു നല്‍കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ഡയറകടര്‍ ബോര്‍ഡ് യോഗം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാണു തീരുമാനം. തുറമുഖ നിര്‍മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാമെന്ന ശിപാര്‍ശയാണ് ഉന്നതാധികാര സമിതി സമര്‍പ്പിച്ചിരുന്നത്. സര്‍ക്കാര്‍ വകുപ്പുകളും തുറമുഖ കമ്പനി നിയോഗിച്ച ഏണസ്റ്റ് ആന്‍ഡ് യംഗ്, ഈ – കോം കമ്പനികളും അദാനി ഗ്രൂപ്പിനു കരാര്‍ നല്‍കുന്നതിന് അനുകൂലമായ തീരുമാനമെടുത്തു. കബോട്ടാഷ് നിയമത്തില്‍ ഇളവു നേടുന്നതിനും അടിയന്തരമായി നിര്‍മാണം തുടങ്ങുന്നതിനുമുള്ള നടപടികള്‍ അദാനി ഗ്രൂപ്പ് സ്വീകരിക്കുമെന്നു ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തി. ബോര്‍ഡിന്റെ തീരുമാനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും.
മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ അടിയന്തരമായി കരാര്‍ ഒപ്പിടുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കരാര്‍ ലഭിച്ചാല്‍ മൂന്നു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് അദാനി ഗ്രൂപ്പ് നല്‍കിയിരിക്കുന്ന ഉറപ്പ്. ആദ്യം 120 കോടി രൂപയുടെ സെക്യൂരിറ്റി ബോണ്ട് വെക്കും. ഡയറക്ടര്‍ ബോര്‍ഡ് എതിര്‍പ്പുകളില്ലാതെ അംഗീകാരം നല്‍കിയതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം യാഥാര്‍ഥ്യമാകുന്നതിന്റെ പ്രധാന പടി കടന്നു. വിഴിഞ്ഞം തുറമുഖത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ട് പതിനഞ്ചിലേറെ വര്‍ഷങ്ങളായി. ഏറ്റവും നിര്‍ണായകമായ നടപടിയാണ് ഇന്നലെ പൂര്‍ത്തിയായത്. ഇനി മന്ത്രിസഭ അംഗീകാരമെന്ന സാങ്കേതികത്വം മാത്രമാണ് ശേഷിക്കുന്നത്. ഇതു ലഭിക്കുന്നതോടെ കരാര്‍ നടപടികള്‍ ആരംഭിക്കും.
വിഴിഞ്ഞം തുറമുഖത്തിനായി ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ 630 കോടി രൂപയോളം ചെലവഴിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും കണ്‍സള്‍ട്ടന്‍സി ഫീസായി മാത്രം കോടികള്‍ നല്‍കിയിട്ടുണ്ട്. വിപണി വില നല്‍കി സ്ഥലം ഏറ്റെടുത്തതും വന്‍ ബാധ്യതയായി. 2004 ലാണ് വിഴിഞ്ഞം സീപോര്‍ട്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായ കമ്പനിയുടെ മുഴുവന്‍ ചെലവും പൊതുഖജനാവില്‍ നിന്നായിരുന്നു. 2010 മുതലാണു സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചത്. അഞ്ച് വര്‍ഷത്തിനിടെ 209 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. സ്ഥലം വിലയായി മാത്രം 528 കോടി രൂപയാണു നല്‍കിയത്. മൂന്നരക്കോടി രൂപ നഷ്ടപരിഹാരവും നല്‍കേണ്ടി വന്നു. നിര്‍മാണത്തിനായി സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കണ്‍സള്‍ട്ടന്‍സി ഫീസായും മറ്റും ചെലവഴിച്ചത് 1.98 കോടി രൂപയാണ്. ഒരു വര്‍ഷം കമ്പനിയുടെ നടത്തിപ്പ് ചെലവു മാത്രം 10.8 കോടി രൂപയായിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പലപ്പോഴും വിവാദങ്ങള്‍ ഉയര്‍ന്നു. വിവിധ കോടതികളില്‍ അഭിഭാഷകര്‍ക്കും കണ്‍സള്‍ട്ടന്‍സികള്‍ക്കുമായും സര്‍ക്കാര്‍ ഇതുവരെ കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. അടിയന്തരമായി പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ ഇനിയും കൂടുതല്‍ തുക സര്‍ക്കാറിന് ചെലവഴിക്കേണ്ടി വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇനി ഏറ്റെടുക്കേണ്ടത് സുപ്രധാനമായ സ്ഥലങ്ങളാണ്. സെന്റിന് പത്തു ലക്ഷം രൂപ വീതം വില നിശ്ചയിച്ചെങ്കിലും കൂടുതല്‍ വില വേണമെന്ന നിലപാടിലാണ് ഉടമകള്‍. ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടയില്‍ സ്ഥലം നഷ്ടമാകുന്ന റിസോര്‍ട്ടുടമകള്‍ നിയമപരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കഴിയുമോ എന്നു പരിശോധിക്കുകയാണ്. അദാനി ഗ്രൂപ്പിന് പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് സര്‍ക്കാറിന് ആശ്വാസമാകുന്നത്. അതിനാല്‍ കേന്ദ്ര അനുമതികള്‍ അതിവേഗം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Latest