International
യമനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

സന്‍ആ: യമനില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തല്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം ശക്തമായ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കമാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ കാലയളവില്‍ യമനില്‍ യുദ്ധ ദുരിതങ്ങളില്‍പ്പെട്ട ലക്ഷക്കണക്കിന് പേര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്പെടും. നിലവില്‍ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ കൊണ്ട് മാത്രം ഇപ്പോഴത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് നേരത്തെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായും നടപ്പില്‍വരുത്താന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എതിരാളികള്‍ ആക്രമണം നടത്തിയാല്‍ തങ്ങള്‍ നോക്കിയിരിക്കില്ലെന്ന് ഇരുവിഭാഗവും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് യമന്‍ തലസ്ഥാനമായ സന്‍ആയില്‍ അറബ് സഖ്യസൈന്യം നടത്തിയ വിവിധ വ്യോമാക്രമണങ്ങളില്‍ 69 പേരെങ്കിലും കൊല്ലപ്പെട്ടു. 250ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 19നാണ് ഹൂത്തികള്‍ക്കെതിരെ സഊദി ഉള്‍പ്പെടെയുള്ള അറബ് സഖ്യസൈന്യം വ്യോമാക്രമണം ആരംഭിച്ചത്. പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ തിരികെ അധികാരത്തിലെത്തിക്കണമെന്നും പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഉപാധികളില്ലാതെ ഹൂത്തികള്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. 1400ലധികം പേര്‍ ഇതുവരെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ യമനിന് ദുരിതാശ്വാസ നിധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.