ശൂലം കുത്ത് വഴി എച്ച് ഐ വിയും കരള്‍രോഗവും; നടപടി വേണമെന്ന് കമ്മീഷന്‍

Posted on: May 13, 2015 6:41 am | Last updated: May 13, 2015 at 12:49 pm

Hindu-festival-celebrationsതിരുവനന്തപുരം: ശൂലംകുത്ത് പോലുള്ള ആചാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മാരക രോഗങ്ങള്‍ പകരാതിരിക്കാന്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാരകരോഗങ്ങളുള്ള ഒരാളുടെ ശരീരത്തില്‍ തറയ്ക്കുന്ന ശൂലം മറ്റൊരാളുടെ ശരീരത്തിലും തറയ്ക്കുക വഴി രോഗങ്ങള്‍ പകരാനിടയുണ്ടെന്ന് കാണിച്ച് അഡ്വക്കറ്റ് സനിത്ത് എസ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അണുവിമുക്തമാക്കാത്ത ശൂലം ഉപയോഗിക്കുക വഴി എച്ച് ഐ വിയും കരള്‍രോഗവും പകരാനിടയുണ്ടെന്ന് പരാതിയില്‍ പറയുന്നു.
കമ്മീഷന്റെ നിര്‍ദേശാനുസരണം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് അനേ്വഷണം നടത്തി വിശദീകരണം സമര്‍പ്പിച്ചിരുന്നു. രക്തം കലര്‍ന്ന ഉപകരണങ്ങള്‍ അണു വിമുക്തമാക്കാതെ ഒന്നിലധികം പേര്‍ ഉപയോഗിക്കുകയാണെങ്കില്‍ എച്ച് ഐ വി, ഹെപ്പറ്റെറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങള്‍ പകരാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചു. ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ നാഷണല്‍ എയ്ഡ്‌സ് നിയന്ത്രണ അസോസിയേഷന്‍ നിര്‍ദേശിക്കുന്ന ഏകീകൃത മുന്‍കരുതല്‍ നടപടികള്‍ അവലംബിക്കണമെന്നും വിശദീകരണത്തില്‍ പറയുന്നു.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള നടപടികളില്‍ കമ്മീഷന്‍ ഇടപെടുന്നില്ലെങ്കിലും സതി, ദേവദാസി സമ്പ്രദായങ്ങള്‍ നിരോധിച്ച കാര്യം ഓര്‍ക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ചൂണ്ടിക്കാണിച്ചു. പുതുപ്പള്ളി പള്ളിയിലെ കോഴിവെട്ട് സര്‍ക്കാര്‍ നിരോധിച്ചിട്ട് അധിക നാളായിട്ടില്ല. ഗുരുതര രോഗങ്ങള്‍ പകരാനിടയുള്ളപ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
രക്തം പുരണ്ട ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെ ശൂലംകുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംഘാടകര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാരും നടപടിയെടുക്കണം. രോഗങ്ങള്‍ പടര്‍ന്നാല്‍ നഷ്ടപരിഹാരവും നല്‍കണം. ഇത്തരം ആചാരങ്ങളില്‍ പങ്കെടുക്കന്നവരെ വൈദ്യ പരിശോധനക്ക് വിധേയരാക്കണം. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ജനങ്ങള്‍ക്ക് നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്കും ആരോഗ്യസെക്രട്ടറിക്കും കമ്മീഷന്‍ നല്‍കിയ ഉത്തരവില്‍ പറയുന്നു.