യു ഡി എഫ് മധ്യമേഖലാ ജാഥ മാത്രം പുനഃക്രമീകരിക്കും

Posted on: May 12, 2015 5:22 am | Last updated: May 11, 2015 at 11:23 pm

തിരുവനന്തപുരം: യു ഡി എഫിന്റെ മധ്യമേഖലാ ജാഥ മാത്രം പുനഃക്രമീകരിക്കാന്‍ ധാരണ. കെ എം മാണി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഈ ജാഥ മാത്രം ചെറിയ രീതിയില്‍ മാറ്റുന്നത്. ഇന്ന് ചേരുന്ന യു ഡി എഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. മെയ് 19 മുതല്‍ 25 വരെ നാല് മേഖലകളില്‍ ജാഥ നടത്താനാണ് നിലവിലുള്ള തീരുമാനം. ബാര്‍ കോഴ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജാഥകളെല്ലാം മാറ്റിവെക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഇത് തള്ളിയിരുന്നു. ഇതോടെയാണ് മാണി നിലപാട് മയപ്പെടുത്തിയത്. വ്യക്തിപരമായ അസൗകര്യമുള്ളതിനാല്‍ മധ്യമേഖലാ ജാഥ മാത്രം പുനഃക്രമീകരിക്കണമെന്നാണ് കെ എം മാണി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പരിഗണിച്ച് രണ്ട് ദിവസത്തേക്ക് മാത്രം മധ്യമേഖലാ ജാഥ മാറ്റാനാണ് ആലോചന.

ഇന്ന് രാവിലെ ഒമ്പതിന് ചേരുന്ന കക്ഷിനേതാക്കളുടെ യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തും. കൊച്ചുമകളുടെ വിവാഹ നിശ്ചയത്തിനായി ദുബൈയിലേക്ക് പോകുകയാണ് മാണി. ഒരാഴ്ച വിദേശത്താകുമെന്നതിനാല്‍ 19ന് കേരളത്തിലുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എറണാകുളത്ത് നിന്നാരംഭിക്കുന്ന മധ്യമേഖലാ ജാഥ മാത്രം ഒന്നോ രണ്ടോ ദിവസത്തേക്ക് മാറ്റാനാണ് നീക്കം. ജാഥകളുടെ എല്ലാം സമാപനം 25ന് തന്നെയായിരിക്കും.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടരുമ്പോള്‍ രാഷ്ട്രീയ വിശദീകരണവുമായി രംഗത്തിറങ്ങുന്നത് ഗുണം ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചാണ് ജാഥ മാറ്റാന്‍ കേരളാ കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെടുന്നത്. എന്നാല്‍ , യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിച്ച ജാഥകള്‍ മാറ്റുന്ന പ്രശ്‌നമില്ലെന്ന കടുത്ത നിലപാട് കെ പി സി സി നേതൃത്വവും സ്വീകരിച്ചു. ഐ ഗ്രൂപ്പിന്റെ ഉറച്ച പിന്തുണയോടെയായിരുന്നു ഈ നീക്കം. കെ പി സി സി നിലപാട് പരസ്യമാക്കിയത് കേരളാ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചെങ്കിലും ജാഥമാറ്റുന്നതിനോട് മറ്റ് ഘടകകക്ഷികള്‍ക്കും യോജിപ്പില്ലാത്ത സാഹചര്യത്തില്‍ മധ്യമേഖലാ ജാഥയുടെ തീയതിയില്‍ നേരിയ പുനഃക്രമീകരണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ആര്‍ എസ് പി, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗങ്ങളാണ് ജാഥകള്‍ മാറ്റുന്നതിനോട് വിയോജിച്ചത്.
മേഖലാ ജാഥകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനോട് ഘടകകക്ഷികള്‍ക്ക് യോജിപ്പില്ലെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.