ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍; സംയുക്ത പാര്‍ലിമെന്റ് സമ്മേളനം വിളിക്കും

Posted on: May 12, 2015 4:37 am | Last updated: May 11, 2015 at 10:38 pm

ന്യൂഡല്‍ഹി: വന്‍ പ്രതിഷേധത്തിനിടയാക്കിയ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ പാസ്സാക്കിയെടുക്കാന്‍ സംയുക്ത പാര്‍ലിമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയെങ്കിലും രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്‍ പാസ്സാക്കിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രതിപക്ഷ കക്ഷികളുമായി സമവായത്തിന് നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. നേരത്തേ ഓര്‍ഡിനന്‍സ് വഴി ബില്‍ കൊണ്ടു വന്നെങ്കിലും ഓര്‍ഡിനന്‍സിന്റെ കാലവധി തീര്‍ന്നതോടെ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തു. എന്നാല്‍ ബില്‍ രാജ്യസഭ കടക്കില്ലെന്ന് ഉറപ്പായതോടെ പ്രതിപക്ഷത്തെ തണുപ്പിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങി. അങ്ങനെ പരിഷ്‌കരിച്ച ബില്‍ ഇന്നലെ പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെ ലോക്‌സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ തുടങ്ങി പ്രതിപക്ഷം ഒറ്റക്കെട്ടായാണ് ബില്ലിനെ എതിര്‍ക്കുന്നത്. കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനായി യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണ് മോദി ചെയ്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.