Gulf
'ആതുരാലയങ്ങളില്ലാത്ത നല്ല നാളേക്കു വേണ്ടി യത്‌നിക്കണം'

അബുദാബി: 1997ല്‍ താന്‍ തുടങ്ങി വെച്ച ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ന് പ്രതിമാസം രണ്ടായിരത്തോളം സൗജന്യമായി ഡയാലിസിസ് ചെയ്യുന്നിടത്തേക്ക് വളര്‍ന്നതില്‍ തനിക്ക് ദുഃഖമാണെന്നും ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ആവശ്യമില്ലാത്തൊരു കാലമാണ് തന്റെ സ്വപ്‌നമെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍ അഭിപ്രായപ്പെട്ടു.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ വനിതാവിഭഗത്തിന്റെ 2015-2016 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിന്റെ വികസനമെന്നത് കൂടുതല്‍ ആശുപത്രികള്‍ വരിക എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നുവെന്നതിനര്‍ത്ഥം കേരളം വികസിക്കുന്നുവെന്നല്ല, മറിച്ച് രോഗികളുടെ എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം വൃക്ക രോഗികളുള്ളതും പ്രതിമാസം ഒരു ലക്ഷത്തോളം ഡയാലിസിസ് നടക്കുന്നതുമായ ഒരു സംസ്ഥാനമായി കേരളം മാറാനുള്ള കാരണം ഉപ്പിന്റെ അളവ് കൂടുതല്‍ ഉപയോഗിക്കുന്നതുകൊണ്ടാണ്, അവര്‍ ചൂണ്ടിക്കാട്ടി.
സുധ സുധീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍. വി. മോഹനന്‍, ലിജി ജോബീസ്, പ്രിയാ ബാലു, റൂഷ് മെഹര്‍, ബിന്നി ടോമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മധു പരവൂര്‍ സെന്ററിന്റെ ഉപഹാരം ഉമാ പ്രേമനു സമ്മാനിച്ചു.
സല്‍മ സുരേഷ് സ്വഗതവും രമണി രാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ സതീഷ് കെ സതീഷ് രചിച്ച് പ്രകാശ് തച്ചങ്ങാട് സംവിധാനം ചെയ്ത് സെന്റര്‍ വനിതാവിഭാഗം അവതരിപ്പിച്ച “ദാദിമ” എന്ന നാടകം സദസ്സിനു ഹൃദ്യമായി.