പഴയ ബസ്സ്റ്റാന്‍ഡ് പൊളിക്കല്‍: വ്യാപാരികളും നഗരസഭയും തമ്മില്‍ ഭിന്നത

Posted on: May 11, 2015 12:53 pm | Last updated: May 11, 2015 at 12:53 pm

കൊയിലാണ്ടി: കൊയിലാണ്ടി നഗര മധ്യത്തിലെ പഴയ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതു സംബന്ധിച്ച് നഗരസഭയും വ്യാപാരികളും തമ്മില്‍ അഭിപ്രായ ഭിന്നത. ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു നീക്കി അവിടെ അത്യാധുനിക രീതിയിലുളള ബഹുനില കെട്ടിടം പണിയാനാണ് നഗരസഭ ആഗ്രഹിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനായി ധനകാര്യ സ്ഥാപനത്തിലെ വായ്പ ഉള്‍പ്പടെ 12 കോടി രൂപയാണ് നഗരസഭാ ബജറ്റില്‍ നീക്കിവെച്ചത്.
എന്നാല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനെത്തുടര്‍ന്ന് സ്ഥാപനം നഷ്ട്ടപ്പെടുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കും പുനരധിവാസമുള്‍പ്പടെയുളള ബദല്‍ സംവിധാനം ഒരുക്കണമെന്ന് വിവിധ വ്യാപാരി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതു കൂടാതെ നിലവിലുളള കെട്ടിടം പൊളിച്ചു മാറ്റാതെ സംരക്ഷണ പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്ന വാദവും ഉയരുന്നുണ്ട്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പൊട്ടിത്തകര്‍ന്ന ഭാഗം വീണ്ടും റീപ്ലാസ്റ്റര്‍ ചെയ്ത് സംരക്ഷിക്കാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, കൊയിലാണ്ടി നഗരസഭ എന്‍ ഐ ടിയെ കൊണ്ട് നടത്തിച്ച പഠനത്തില്‍ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്.
എന്‍ ഐ ടി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത കെട്ടിടത്തി ല്‍ വീണ്ടും അറ്റകുറ്റപ്പണി നടത്തിയാല്‍ ഓഡിറ്റ് തടസ്സമുള്‍പ്പടെയുളള സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്നാണ് നഗരസഭ പറയുന്നത്. ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നതോടെ ഉപജീവന മാര്‍ഗം അടയുന്ന 32 സ്ഥാപന ഉടമകളാണ് പുനരധിവാസം ആവശ്യപ്പെടുന്നത്. നൂറോളം പേര്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. ഇവര്‍ക്ക് താത്കാലിക സൗകര്യമൊരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പഴയ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിനു മുകളിലെ ഇരുമ്പ് ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂര അതേപടി എടുത്തുമാറ്റി പുതിയ ബസ്സ്റ്റാന്‍ഡിനു മുകളില്‍ സ്ഥാപിച്ചു സ്ഥാപനം നടത്തുന്നവരെ അങ്ങോട്ട് പുനരധിവസിപ്പിക്കണമെന്ന നിര്‍ദേശം വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍, ഈ നിര്‍ദേശം നഗരസഭ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
1983 ഫിബ്രവരി 27ന് മുന്‍ ഉപമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ് പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 32 വര്‍ഷത്തെ കാലപഴക്കമുളള പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം അണ്‍ഫിറ്റാണെന്ന് എന്‍ജിനിയറിംഗ് വിഭാഗം വിധിയെഴുതിയിരുന്നു.