ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് ഓഫീസ് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി

Posted on: May 11, 2015 12:44 pm | Last updated: May 11, 2015 at 12:44 pm

കോഴിക്കോട്: ഒട്ടനവധി ഐ ടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളെ വിരിയിച്ചെടുത്ത എന്‍ ഐ ടിയിലെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ന്റെ വിജയഗാഥ തുടരുന്നു. മൂന്ന് വര്‍ഷം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കമ്പനികള്‍ക്ക് നല്‍കുന്ന ടി ബി ഐയില്‍ നിന്ന് പ്രവര്‍ത്തനകാലപരിധി പൂര്‍ത്തിയാക്കിയ ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് എന്ന ഐ ടി അധിഷ്ഠിത സ്ഥാപനം സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിച്ചു.
നടക്കാവ് കൊട്ടാരം റോഡിലെ സല്‍നാലിയ ബില്‍ഡിംഗില്‍ രണ്ടായിരം സ്‌ക്വയര്‍ഫീറ്റ് സ്ഥലത്താണ് ജി ഐ ടിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനം മുന്‍ വ്യവസായമന്ത്രി എളമരം കരീം എം എല്‍ എ നിര്‍വഹിച്ചു. എ പ്രദീപ്കുമാര്‍ എം എല്‍ എ, വി കെ സി അഹമ്മദ് കോയ, കൗണ്‍സിലര്‍ അരങ്ങില്‍ കമലാ രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെമ്പാടും ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ സ്ഥാപനമാണ് ജി ഐ ടി. ദുബായില്‍ പുതിയ ഓഫീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍.
വടകര മണിയൂരിലെ കോളെജ് ഓഫ് എന്‍ജിനീയറിംഗിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് 2012 മെയില്‍ ജി ഐ ടി എന്ന കമ്പനിക്ക് എന്‍ ഐ ടിയുടെ ഇന്‍കുബേറ്ററില്‍ തുടക്കമിട്ടത്. കോഴിക്കോട് സ്വദേശിയായ വി പ്രേംചന്ദ്, വടകര സ്വദേശി വരുണ്‍ പ്രകാശ്, പയ്യോളി സ്വദേശി എന്‍ എച്ച് മിഥുന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച കമ്പനിയില്‍ ഇന്ന് ഇരുപത് ജീവനക്കാര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നുണ്ട്. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ ഐ ടി കണ്‍സള്‍ട്ടന്റായി മാറാന്‍ ചുരുങ്ങിയ കാലം കൊണ്ട് ഇവര്‍ക്ക് കഴിഞ്ഞു.
2004ല്‍ ആരംഭിച്ച ടി ബി ഐയില്‍ അമ്പതോളം സംരംഭങ്ങളാണ് വിജയകരമായി മുന്നോട്ടുപോകുന്നത്. മൂന്നുവര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന കമ്പനികള്‍ സ്വതന്ത്രമായി പുറത്ത് പ്രവര്‍ത്തിക്കണമെന്നാണ് ടി ബി ഐയുടെ പ്രവര്‍ത്തമാനദണ്ഡം. ഇതനുസരിച്ച് ഒട്ടേറെ കമ്പനികള്‍ വിജയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കിഴിലെ നാഷണല്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രിനര്‍ഷിപ്പ് ഡലലപ്മന്റ് ബോര്‍ഡിന്റെ സഹകരണത്തോടെയാണ് എന്‍ ഐ ടിയിലെ ബിസിനസ് ഇന്‍കുബേറ്റര്‍ പ്രവര്‍ത്തിക്കുന്നത്.