Connect with us

Malappuram

സ്‌കൂള്‍ വിപണി ഉണര്‍ന്നു; സൂപ്പര്‍ ഹീറോ മുതല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ

Published

|

Last Updated

മലപ്പുറം: വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്‌കൂള്‍ വിപണി ഉണര്‍ന്നു. സൂപ്പര്‍ ഹീറോ മുതല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ കച്ചവട തന്ത്രമാക്കിയാണ് ഇത്തവണ വിപണി കീഴടക്കാന്‍ കച്ചവടക്കാര്‍ ഒരുങ്ങിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ അഭിരുചിക്ക് അനുസരിച്ച് ഓരോരുത്തരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ബാഗുകളും കുടകളും നേരത്തേ തന്നെ കമ്പനികള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. യുവ നിരക്ക് ന്യൂജന്‍ സ്റ്റൈലുകളോടാണ് താത്പര്യം. ഇതില്‍ ബോബ് മെര്‍ളി, ചെഗുവേര ബാഗുകളാണ് കൂടുതല്‍ വില്‍പന നടക്കുന്നത്.
കൂടാതെ വിവിധ ഫുട്‌ബോള്‍ ക്ലബുകളുടെ ബാഗുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 200 മുതല്‍ 800 രൂപ വരെയുള്ള ബാഗുകള്‍ വിപണിയില്‍ ലഭ്യമാണ്. എല്‍ പി, യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ബാഗുകള്‍ക്കാണ് പ്രിയം. ഇത്തവണ കുടകളിലും പുതിയ ഫാഷനുകളുമായിട്ടാണ് വിപണിയിലെത്തിയിരിക്കുന്നത്. നോട്ടുബുക്കുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. വാട്ടര്‍ ബോട്ടിലുകളും ടിഫിന്‍ ബോക്‌സുകളും കൂടുതല്‍ മാറ്റങ്ങളോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. വരുന്ന ദിവസങ്ങളില്‍ വിപണിയില്‍ തിരക്ക് ഇനിയും കൂടും.

Latest