അധികാരവും അവസരങ്ങളുമുണ്ടായിട്ടും നേതാക്കളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: മുഖ്യമന്ത്രി

Posted on: May 11, 2015 10:46 am | Last updated: May 11, 2015 at 10:46 am

വേങ്ങര: അധികാരവും അവസരവും വേണ്ടത്ര ലഭിച്ചിട്ടും നേതാക്കളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി. കെ പി സി സിയുടെ പറപ്പൂര്‍ ചരിത്ര സമ്മേളനത്തിന്റെ 75-ാം വാര്‍ഷിക സമ്മേളനം ആസാദ് നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതൊരു സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് നാടിനും പാര്‍ട്ടിക്കും വേണ്ടി മാത്രം പ്രവര്‍ത്തിച്ചത് കൊണ്ടാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ പോലെയുള്ള ധീര ദേശാഭിമാനികളെ ഇന്നും സ്മരിക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ അധികാരികള്‍ക്ക് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയുടെ പതിനൊന്നാം സമ്മേളനം ഓര്‍മിപ്പിച്ച് അതേ സമ്മേളന ഗ്രൗണ്ടില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് വാര്‍ഷിക സമ്മേളനവും സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനൊപ്പം സമ്മേളന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ 97കാരനായ പള്ളിയാളി സൈനുദ്ദീന്‍ മാസ്റ്ററടക്കം ആറ് സ്വാതന്ത്ര്യ സമര സേനാനികളെ വേദിയില്‍ ആദരിച്ചു.
ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, കെ പി സി സെക്രട്ടറിമാരായ വി വി പ്രകാശ്, കെ പി അബ്ദുല്‍മജീദ്, വി എ കരീം, സി ഹരിദാസ് പ്രസംഗിച്ചു. യുവജന സമ്മേളനം ഇഫ്തിഖാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു.