യുദ്ധഭൂമിയിലേക്ക് മടങ്ങാനൊരുങ്ങി നഴ്‌സുമാര്‍

Posted on: May 11, 2015 4:50 am | Last updated: May 10, 2015 at 11:51 pm

കൊച്ചി: യുദ്ധഭൂമിയില്‍ നിന്ന് അവര്‍ തരിച്ചെത്തിയത് ജീവിത ദുരിതങ്ങളുടെ തീച്ചൂളയിലേക്കാണ്. ജീവന്‍ ബലികൊടുക്കേണ്ടിവന്നാലും യെമനിലേക്ക് തിരിച്ചു പോകാനൊരുങ്ങുകയാണ് അവരില്‍ പലരും. അല്ലാത്ത പക്ഷം പണയത്തിലിരിക്കുന്ന കിടപ്പാടം പോലും നഷ്ടമാമെന്ന് അവര്‍ ആശങ്കപ്പെടുന്നു. ട്രെയന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ടി എന്‍ എ ഐ)യുടെ നേതൃത്വത്തില്‍ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍ക്കായി സംഘടിപ്പിച്ച സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് പറയാനുണ്ടായിരുന്നത് യുദ്ധഭൂമിയില്‍ അനുഭവിച്ചതിനെക്കാളും പൊള്ളിക്കുന്ന അനുഭവങ്ങളാണ്.
വീടിന്റെ വാടക നല്‍കാനോ ഭക്ഷണത്തിനോ ഉള്ള പണം കൈയിലില്ല. ഭര്‍ത്താവിന്റെ ചികിത്സക്കെടുത്ത വായ്പ അടച്ചുതീര്‍ക്കണം. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ യെമനിലേക്ക് തിരിച്ചുപോയേ പറ്റൂ- തിരിവനന്തപുരം സ്വദേശിയായ ആതിര പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് പത്തനംതിട്ട സ്വദേശിയായ ആതിര തിരുവനന്തപുരം സ്വദേശിയായ അനീഷിനെ വിവാഹം കഴിച്ചത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അനീഷിന് വൃക്കരോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തേണ്ട നിലയിലേക്ക് രോഗം എത്തിയതോടെ അനീഷിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. അതോടെ ചികിത്സയും മരുന്നും പ്രതിസന്ധിയിലായി.
ഭര്‍ത്താവിനെ ചികിത്സിക്കാനായി ഒരു വര്‍ഷം മുമ്പാണ് യെമനിലെ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ആതിര ജോലിക്ക് കയറിയത്. വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങള്‍ പണയപ്പെടുത്തിയാണ് യാത്രക്കുള്ള പണം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ ചികിത്സയും സംരക്ഷണവും സ്വന്തം അമ്മയെ ഏല്‍പ്പിച്ച് ആതിര യെമനിലേക്ക് വിമാനം കയറി. ഭര്‍ത്താവിന്റെ ചികിത്സയും കടങ്ങള്‍ വീട്ടാനുള്ള പണവും കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് യെമനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെ ഭര്‍ത്താവിന്റെ രോഗം മൂര്‍ഛിച്ചു. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ജീവന്‍നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അതിനാല്‍ സഹപ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേരും തിരിച്ചുവരാന്‍ തയ്യാറായെങ്കിലും അവിടെ തന്നെ പിടിച്ചു നില്‍ക്കാനായിരുന്നു ആതിരയുടെ ശ്രമം.
നഗരത്തില്‍ മിസൈല്‍ ആക്രമണം രൂക്ഷമായതോടെ ജോലിയും സര്‍ട്ടിഫിക്കറ്റുകളും ഉപേക്ഷിച്ച് മടങ്ങണമെന്നായി. ഇന്ത്യയില്‍ നിന്നയച്ച അവസാനകപ്പലില്‍ ആതിര ഇന്ത്യയിലേക്ക് മടങ്ങി. ആനുകൂല്യങ്ങളും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും ലഭിക്കാത്തതിനാല്‍ മൂന്ന് മാസത്തേക്കുള്ള അവധിയും തിരിച്ചു പോകാനുള്ള വിസയും ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നു. ഏപ്രില്‍ 18ന് കൊച്ചിയിലെത്തിയ കപ്പലില്‍ ആതിര നാട്ടിലെത്തി. യെമനിലേക്ക് തിരിച്ചു പോകാനുള്ള അനുമതിക്കായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോഴാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വില്ലനായത്. യെമനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുവെന്നും അങ്ങോട്ടുള്ള യാത്രക്ക് അനുമതി നല്‍കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. മൂന്ന് മാസത്തിനുള്ളില്‍ മടങ്ങിപ്പോയില്ലെങ്കില്‍ ജോലിയും വിസയും നഷ്ടപ്പെടും. ഭര്‍ത്താവിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ മറ്റൊരുവഴിയുമില്ലാതെ ഉഴലുകയാണ് ഈ യുവതി.
സംഗമത്തിനെത്തിയവരുടെ എല്ലാവരുടെയും ജീവിതദുരിതങ്ങളും പ്രശ്‌നങ്ങളും ഏറെക്കുറെ സമാനമാണ്. ജോലിയിലാതെ കൂടുതല്‍ നാള്‍ നാട്ടില്‍ കഴിയാന്‍ ഇവരുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഉപേക്ഷിച്ച് നാട്ടിലേക്ക് പാലായനം ചെയ്തവരാണിവര്‍. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മറ്റിടങ്ങളില്‍ ജോലി ലഭിക്കുന്നില്ല.
മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചുപോയില്ലെങ്കില്‍ ജോലി പോകും. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഞ്ച് തവണ നേരില്‍ കണ്ടുവെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് കോട്ടയം സ്വദേശി രേഖ സംഗമത്തില്‍ പറഞ്ഞു. ടി എന്‍ എ ഐയുടെ ഭാരവാഹികളായ ഡോ. റോയ് കെ ജോര്‍ജ്ജ്, പി എസ് സോന, പ്രൊഫ. രേണു സൂസന്‍ തോമസ്, കെ എം റിയാസ്, എസ് പി ബിജു എന്നിവര്‍ സംസാരിച്ചു.