എല്ലാ ജില്ലകളിലും സിറ്റി ഗ്യാസ് സംവിധാനം

Posted on: May 11, 2015 5:28 am | Last updated: May 10, 2015 at 11:29 pm

കൊച്ചി: എല്ലാ ജില്ലകളിലും സിറ്റി ഗ്യാസ് സംവിധാനം നടപ്പാക്കാന്‍ പെട്രോ നെറ്റ് എല്‍ എന്‍ ജി പദ്ധതി തയ്യാറാക്കുമെന്ന് മാനേജിങ് ഡയറക്ടറും സി ഇ ഒ യുമായ ഡോ.എ കെ ബല്യാന്‍. കേരളത്തിലെ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കുന്നതോടൊപ്പമായിരിക്കും സിറ്റി ഗ്യാസ് ലഭ്യമാവുക. ചിലവു കുറഞ്ഞതും കൂടുതല്‍ സുരക്ഷിതവുമായ ദ്രവീകൃത പ്രകൃതി വാതകം കേരളത്തിലും പാചക വാതകമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികളാണ് പെട്രോനെറ്റ് വിഭാവനം ചെയ്യുന്നത്. ഇപ്പോള്‍ ദ്രവീകൃത പെട്രോളിയം ഗ്യാസ് എന്ന എല്‍ പി ജി സിലിണ്ടറുകളില്‍ കൊണ്ടു പോകുന്ന സ്ഥിതിയാവും ഇതിലൂടെ ഒഴിവാക്കാനാകുക. ചെലവു കുറവ്, കൂടുതല്‍ സുരക്ഷിതത്വം എന്നിവക്കു പുറമെ സിലിണ്ടറുകള്‍ ഗതാഗതം ചെയ്യുന്നതു മൂലമുള്ള ബഹുവിധ പ്രശ്‌നങ്ങള്‍ എന്നിവയും പ്രകൃതി വാതക പൈപ്പ് ലൈനുകള്‍ വീടുകളിലേക്ക് എത്തിക്കുന്നതോടെ ഒഴിവാക്കാനാവും. ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് ഈ പദ്ധതിക്കുള്ള രൂപ രേഖ തയ്യാറാക്കുന്നത്.
എറണാകുളം പുതുവൈപ്പിനിലെ പ്രകൃതി വാതക ടെര്‍മിനലില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു സ്ഥാപിക്കുന്ന പൈപ്പ് ലൈനിന്റെ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ജില്ലകളിലും വീടുകളിലേക്കു പ്രകൃതി വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി തയ്യാറാക്കുകയെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഇതോടൊപ്പം വ്യവസായങ്ങള്‍ക്ക് പ്രകൃതി വാതകം ലഭ്യമാക്കാനുള്ള ഹബ്ബുകളും വിവിധ ജില്ലകളില്‍ സ്ഥാപിക്കും.
പ്രകൃതി വാതക ടെര്‍മിനലില്‍ നിന്ന് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി യാഥാര്‍ത്ഥ്യമാകാത്തതാണ് കൊച്ചി ടെര്‍മിനല്‍ നേരിടുന്ന വലിയ പ്രശ്‌നം. നിലവില്‍ 400 കോടി രൂപയുടെ വാര്‍ഷിക നഷ്ടമാണ് കൊച്ചി ടെര്‍മിനല്‍ ഉണ്ടാക്കുന്നത്. ഇത് മറികടക്കാനായി എല്‍ എന്‍ ജി റീ ലോഡിങ്, എല്‍ എന്‍ ജി കപ്പലുകളുടെ കൂളിങ്, എല്‍ എന്‍ ജി ഇന്ധനമായി ഉപയോഗിക്കുന്ന കപ്പലുകള്‍ക്ക് ഇന്ധനം ലഭ്യമാക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഇവിടെ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ശേഷിയുടെ രണ്ടു മുതല്‍ മൂന്നു വരെ ശതമാനം മാത്രം ഉപയോഗിക്കുന്ന ഇപ്പോഴത്തെ സ്ഥിതി മറി കടക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നും പെട്രോനെറ്റ് കണക്കു കൂട്ടുന്നു.
ആവശ്യമായ പൈപ്പ് ലൈനുകള്‍ ലഭ്യമായ ശേഷമേ വിശാഖ പട്ടണത്തെ ഗംഗാവരം ഉള്‍പ്പെടെയുള്ള ഭാവി പദ്ധതികളിലെല്ലാം പ്രകൃതി വാതകം എത്തിക്കുകയുള്ളു എന്നും ഡോ. ബല്യാന്‍ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് പുതിയ പ്രകൃതി വാതക ടെര്‍മിനല്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.