Gulf
ദുബൈ ഫ്രെയിം ഈ വര്‍ഷം

ദുബൈ: ദുബൈ ഫ്രെയിം ഈ വര്‍ഷം സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസ്സര്‍ ലൂത്ത വ്യക്തമാക്കി. ദുബൈ മൃഗശാലക്ക് പകരമായി അല്‍ വര്‍ഖയില്‍ ഒരുങ്ങുന്ന ദുബൈ സഫാരി 2016 അവസാനത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും.
ഇരു പദ്ധതി പ്രദേശങ്ങളിലും നടത്തിയ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ഹുസൈന്‍ നാസ്സര്‍ ലൂത്തയുടെ പ്രഖ്യാപനം.
സബീല്‍ പാര്‍ക്കില്‍ സ്റ്റാര്‍ ഗേറ്റിന് അടുത്തായാണ് ദുബൈ ഫ്രെയിം എന്ന പേരില്‍ കൂറ്റന്‍ നിര്‍മിതി നിലവില്‍ വരുന്നത്. ദുബൈ നഗരത്തിന്റെ പഴയതും പുതിയതുമായ മുഖങ്ങള്‍ ഒരു ഫോട്ടോ ഫ്രെയിമിലെന്ന വണ്ണം ആസ്വദിക്കാനാകുമെന്നതാണ് പദ്ധതിയുടെ സവിശേഷത. 16 കോടി ദിര്‍ഹം മുതല്‍മുടക്കിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കെട്ടിടത്തിന്റെ 65 ശതമാനം നിര്‍മാണ പ്രവൃത്തിയും പൂര്‍ത്തിയായതായും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഉദ്ഘാടനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മൃഗശാലക്കൊപ്പം ചിത്രശലഭ പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റിസോര്‍ട്ട്, ഗോള്‍ഫ് കോഴ്‌സ് എന്നിവയടങ്ങുന്നതാണ് ദുബൈ സഫാരിയെന്ന പദ്ധതി. 100 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ നടപ്പാക്കുന്ന വന്‍കിട പദ്ധതിയാണിത്. സന്ദര്‍ശകര്‍ക്ക് മൃഗങ്ങള്‍ക്കൊപ്പം സഫാരി നടത്താന്‍ അവസരമൊരുക്കുന്നുവെന്നതും സവിശേഷതയായിരിക്കും. പാര്‍ക്കില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജലവിതരണ സംവിധാനം ഈയിടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മണിക്കൂറില്‍ 850 ക്യുബിക് മീറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണിത്. വര്‍ഖയിലെ മാലിന്യ നിക്ഷേപകേന്ദ്രം മണ്ണിട്ട് നികത്തിയാണ് ദുബൈ സഫാരി സ്ഥാപിക്കുന്നത്.