Gulf
മയക്കുമരുന്ന് കണ്ടെത്താന്‍ നവീന യന്ത്രം

ദുബൈ: മയക്കുമരുന്നിന്റെയും നിരോധിത വസ്തുക്കളുടെയും കടത്ത് കണ്ടത്തൊന്‍ ദുബൈ കസ്റ്റംസ് അത്യാധുനിക യന്ത്രം പുറത്തിറക്കി. അല്‍ കാശിഫ് എന്ന് പേരുള്ള യന്ത്രം ദുബൈ കസ്റ്റംസിലെ സീനിയര്‍ ഇന്‍സ്‌പെക്ടറായ മുഹമ്മദ് അല്‍ ഖന്‍ജാരിയാണ് വികസിപ്പിച്ചെടുത്തത്. വിവിധ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി പരിശോധനക്കായി രൂപാന്തരപ്പെടുത്തിയെടുക്കുകയായിരുന്നു. ദുബൈ വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ ഈ യന്ത്രം ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
16 ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അല്‍ കാശിഫ്. സുരക്ഷാ കാമറ, മോണിറ്റര്‍, വയര്‍ലസ് ഉപകരണങ്ങള്‍, തീ കെടുത്താനുള്ള ഉപകരണം, ഐപാഡ്, രേഖകള്‍ പരിശോധിക്കാനുള്ള യന്ത്രം, സ്‌കാനിങ് യന്ത്രം, ഹെല്‍മറ്റ്, കസ്റ്റംസിന്റെ നായക്കുള്ള കൂട് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്നുകള്‍, പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ യാത്രക്കാരന്റെ ബാഗേജില്‍ ഉണ്ടോയെന്ന് ഏഴുമിനുട്ടിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ യന്ത്രത്തിന് ശേഷിയുണ്ട്.
പുറത്ത് പരിശോധനക്കായി കൊണ്ടുപോകണമെങ്കില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കാന്‍ സാധിക്കും. ഇതിലൂടെ 100 ശതമാനം പരിസ്ഥിതി സൗഹൃദമാക്കാം. ക്രമേണ മറ്റ് ടെര്‍മിനലുകളിലേക്കും വിമാനത്താവളങ്ങളിലേക്കും അതിര്‍ത്തി ചെക് പോസ്റ്റുകളിലേക്കുമായി കൂടുതല്‍ യന്ത്രങ്ങള്‍ രംഗത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനക്കായി യാത്രക്കാരുടെ അടുത്തേക്ക് കൊണ്ടുപോകാമെന്നതാണ് യന്ത്രത്തിന്റെ മേന്മ. നിരോധിത മരുന്നുകള്‍ രാജ്യത്തെത്തുന്നത് തടയാനും യന്ത്രത്തിന്റെ സഹായത്തോടെ കഴിയും. നേരത്തെ മരുന്നുമായി പിടിയിലാകുന്നവരെ പരിശോധനക്കായി ആരോഗ്യ മന്ത്രാലയത്തിലേക്ക് അയക്കുകയാണ് ചെയ്തിരുന്നത്.