ടൂറിസം: അജ്മാനും ഷാര്‍ജയും കൈകോര്‍ക്കും

Posted on: May 10, 2015 6:00 pm | Last updated: May 10, 2015 at 6:59 pm

അജ്മാന്‍: ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) യുമായി സഹകരിച്ച് അജ്മാന്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമം ആരംഭിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ അജ്മാന്‍ ടൂറിസം ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റും (എ ടി ഡി ഡി) ഷുറൂഖും അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഒപ്പുവെച്ചു.
അജ്മാന്‍ ടൂറിസം വികസനത്തിന്നായി നിക്ഷേപമടക്കമുള്ള എല്ലാ മേഖലകളിലും പരസ്പര സഹകരണം ഉറപ്പുവരുത്താന്‍ ഇരു എമിറേറ്റുകളും ഇതോടെ ധാരണയായി. ഷാര്‍ജയുടെ ടൂറിസം വികസനത്തിനായി വലിയ സംഭാവന ചെയ്യുന്ന ഷുറൂഖ് എ ടി ഡി ഡി യുമായി സഹകരിക്കുന്നതോടെ ‘2021 അജ്മാന്‍ വിഷന്‍’ മികച്ച വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷ. ടൂറിസം വികസനത്തിലൂടെ 2021ല്‍ 50 ലക്ഷം വിനോദ സഞ്ചാരികളെ എമിറേറ്റിലെത്തിക്കുകയെന്നാണ് നയപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഷുറൂഖുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഇത് സാധ്യമാകുമെന്ന് കണക്കുകൂട്ടുന്നു. ഇക്കഴിഞ്ഞ വര്‍ഷം 8,50,000 വിനോദ സഞ്ചാരികള്‍ അജ്മാനിലെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 73 ശതമാനം കൂടുതല്‍ സഞ്ചാരികളാണ് എമിറേറ്റിലെത്തിയത്.
അജ്മാന്റെ ഏറ്റവും വലിയ പ്രത്യേകത കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മനോഹരമായ സമുദ്രതീരങ്ങളാണ്. അതിനാല്‍ അജ്മാന്‍ ബീച്ച് ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. അജ്മാനില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.