ജാഥയുടെ കാര്യത്തില്‍ 12ന് തീരുമാനം; വിവാദമാക്കേണ്ടെന്ന് മാണി

Posted on: May 10, 2015 3:00 pm | Last updated: May 10, 2015 at 9:46 pm

oommen Chandy-mani

കല്‍പറ്റ: യു ഡി എഫ് മേഖലാ ജാഥ മാറ്റിവെക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന യു ഡി എഫ് നേതൃയോഗം തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ജാഥ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കെ എം മാണി പ്രതികരിച്ചു. മന്ത്രി ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി ഇരു നേതാക്കളും ഇന്ന് വയനാട്ടില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്ക് ശേഷമാണ് ജാഥയുടെ കാര്യത്തില്‍ 12ന് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം മാണിയുമായി ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണിയോട് പതിവ് കാര്യങ്ങള്‍ സംബന്ധിച്ച് മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ വ്യക്തിപരമായ അസൗകര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്ന് മാണി പ്രതികരിച്ചു. ഇത് വിവാദമാക്കേണ്ട കാര്യമില്ല. യു ഡി എഫ് യോഗത്തില്‍ പ്രശ്‌നം ചര്‍്ച്ച ചെയ്ത് പരിഹരിക്കുമെന്നും മാണി പറഞ്ഞു.