ഷിബിന്‍ വധം: ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി

Posted on: May 9, 2015 12:38 pm | Last updated: May 9, 2015 at 12:38 pm

നാദാപുരം: തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ചടയങ്കണ്ടി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി.
കഴിഞ്ഞ ജനുവരി 22ന് രാത്രിയാണ് തെയ്യമ്പാടി ഇസ്മായിലും സഹോദരന്‍ മുനീറും അടങ്ങുന്ന സംഘം ഷിബിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ അഞ്ചാം പ്രതിയാണ് ഇന്നലെ കീഴടങ്ങിയ കോടഞ്ചേരി സ്വദേശി കൊറ്റേന്റവിട മുഹമ്മദ് ജാസിം (20). വൈകുന്നേരം മൂന്ന് മണിയോടെ അഭിഭാഷകനൊപ്പം എത്തിയാണ് ജാസിം കോടതിയില്‍ കീഴടങ്ങിയത്.
ഷിബിന്‍ വധക്കേസില്‍ ആകെ 17 പ്രതികളാണുള്ളത്. ഇതില്‍ പ്രായ പൂര്‍ത്തിയെത്താത്ത പ്രതിയടക്കം 15 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊറ്റേന്റവിട ജാസിം, വെള്ളൂര്‍ സ്വദേശി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരാണ് ഒളിവില്‍ പോയത്. മൂന്ന് മാസം ഒളിവില്‍ കഴിഞ്ഞ ജാസിം ഇന്നലെ നാദാപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാസിമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷിബിനെ വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനും കൂടുതല്‍ ചോദ്യം ചെയ്യാനും ജാസിമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഷിബിന്‍ വധക്കേസിലെ പിടിക്കപ്പെട്ട മുഖ്യപ്രതികളുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.