International
സ്‌കോട്ട് സ്വാതന്ത്യ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കും

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18ന് ലോകം മുഴുവന്‍ ബ്രിട്ടനിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ഇന്നലെ ജനപ്രതിനിധി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ കണ്ടതിനേക്കാള്‍ പതിന്‍മടങ്ങ് ആകാംക്ഷയോടെയായിരുന്നു അന്ന് ആഗോള മാധ്യമങ്ങള്‍ കാതു കൂര്‍പ്പിച്ചിരുന്നത്.
യുനൈറ്റഡ് കിംഗ്ഡം ഇനി ഉണ്ടാകുമോ ഇല്ലയോ എന്നായിരുന്നു അന്നത്തെ ചോദ്യം. സ്‌കോട്ട്‌ലാന്‍ഡ് എന്ന ഭൂവിഭാഗം ബ്രിട്ടനില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര്യമാകണോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്ന ഹിതപരിശോധനയില്‍ തലനാരിഴക്ക് ഉത്തരം “വേണ്ട” എന്നായി. ബ്രിട്ടന്‍ വിഭജനത്തില്‍ നിന്ന് തത്കാലം രക്ഷപ്പെട്ടു. എന്നാല്‍ ഇന്നലെ പുറത്ത് വന്ന ഫലം ഒരിക്കല്‍ കൂടി സ്‌കോട്ടിഷ് സ്വാതന്ത്യ ദാഹത്തിന് ശക്തിപകരുകയാണ്.
സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡിനായി വാദിച്ച സ്‌കോട്ടിഷ് നാഷനിലിസ്റ്റ് പാര്‍ട്ടി മേഖലയിലെ 59ല്‍ 56 സീറ്റും നേടിയിരിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ എം പി വരുന്നതും ഈ പാര്‍ട്ടിയില്‍ നിന്നാണ്. എംഹെയിരി ബ്ലാക്ക് എന്ന ഇരുപതുകാരിയായ രാഷ്ട്രതന്ത്ര വിദ്യാര്‍ഥി ആറായിരം വോട്ടുകള്‍ക്കാണ് ലേബര്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ് ഡഗ്ലാസ് അലക്‌സാണ്ടറെ പരാജയപ്പെടുത്തിയത്. 17ാം നൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി പാര്‍ലിമെന്റിലെത്തുന്നത്. ലേബര്‍ പാര്‍ട്ടിയുടെ വിജയപ്രതീക്ഷകളെ മുഴുവന്‍ തല്ലിക്കെടുത്തിയത് സ്‌കോട്ട്‌ലാന്‍ഡ് ആണ്. അവിടെ തോറ്റതെല്ലാം ലേബര്‍ പാര്‍ട്ടിക്കാര്‍. ജയിച്ചതെല്ലാം എസ് എന്‍ പിക്കാര്‍. ഗ്ലാസ്‌ഗോ പോലെ ലേബറുകളുടെ പരമ്പാരാഗത മേഖലയിലെ പരാജയം അവര്‍ക്ക് ഒരുക്കലും സഹിക്കാനാകില്ല. കണ്‍സര്‍വേറ്റുകള്‍ക്ക് അഥവാ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് രണ്ടാമൂഴത്തിലേക്ക് സുരക്ഷിതമായ വഴിയൊരുക്കിയത് ലേബറിന്റെ ഈ നഷ്ടമാണെന്ന് പറയാം. അങ്ങനെയെങ്കില്‍ എസ് എന്‍ പിയുടെ വിജയത്തിന് ദേശീയ പ്രാധാന്യം ഏറെയാണ്.
സ്‌കോട്ടിഷ് സിംഹം ഈ പ്രഭാതത്തില്‍ ഗര്‍ജിച്ചിരിക്കുന്നു. ഹിതപരിശോധനയില്‍ തോറ്റെന്ന് കരുതി സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡ് എന്ന സ്വപ്‌നം അവസാനിച്ചില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്ന് എസ് എന്‍ പി മേധാവി അലക്‌സ് സാല്‍മണ്ട് പറഞ്ഞു. 2010ലെ ആറ് സീറ്റില്‍ നിന്ന് 56ല്‍ എത്തുമ്പോഴും എസ് എന്‍ പിക്ക് ദേശീയ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ യാതൊരു പങ്കും ലഭിക്കുന്നില്ല. അഭിപ്രായസര്‍വേകള്‍ പ്രവചിച്ച പോലെയാണെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയായിരുന്നുവെങ്കില്‍ എസ് എന്‍ പി കിംഗ്മേക്കേര്‍സ് ആകുമായിരുന്നു. എന്നാലും എസ് എന്‍ പിയുടെ അംഗബലം സ്‌കോട്ട് വിഷയത്തില്‍ അനുകൂല നിലപാടെടുക്കാന്‍ കാമറൂണ്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുമെന്നുറപ്പാണ്. കൂടുതല്‍ സ്വയംഭരണ അധികാരങ്ങള്‍ അനുവദിക്കേണ്ടി വരും. പുതിയ ഹിതപരിശോധനക്ക് ആവശ്യം ശക്തമാകുകയും ചെയ്യും. വിട്ടു പോകുക എന്ന ആത്യന്തിക തീരുമാനത്തിലേക്കായിരിക്കും ഇത് നയിക്കുക.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എസ് എന്‍ പി നേതാക്കള്‍ ലേബര്‍ പാര്‍ട്ടിയുമായി സഖ്യത്തിലാകാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ലേബര്‍ മേധാവി എഡ്മിലിബാന്‍ഡ് സമ്മതിച്ചില്ല. ഒറ്റക്ക് ജയിച്ചു വരാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ചെലവ് വെട്ടിച്ചുരുക്കല്‍ നയവുമായി മുന്നോട്ട് പോകുന്ന കണ്‍സര്‍വേറ്റുകളെ എതിര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു എസ് എന്‍ പിയുടെ സഖ്യ സന്നദ്ധത. ഈ സന്നദ്ധത പോലും അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് വേണം വിലയിരുത്താന്‍.