Eranakulam
വാഗ്ദാന ലംഘനം: കേര കര്‍ഷകര്‍ സമരത്തിലേക്ക്

കൊച്ചി: നീര ഉത്പാദിപ്പിക്കുന്ന നാളികേര കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയിലും വാഗ്ദാന ലംഘനത്തിലും പ്രതിഷേധിച്ച് നാളികേര വികസന ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദക കമ്പനികളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനീസ് ഇന്‍ കേരള ഈ മാസം 11 ന് കലക്ടറേറ്റ് ധര്‍ണ്ണയും, 18 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതികളില്‍ ഏറ്റവും സംതൃപ്തി നല്‍കിയ പദ്ധതിയെന്നാണ് നീരപദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിലയിരുത്തിയത്. നീര സംഭരണവും സംസ്‌ക്കരണവും നടത്തുന്നതിന് 2013-14 ബഡ്ജറ്റില്‍ വകയിരുത്തിയ 15 കോടി രൂപയുടെ ഗ്രാന്റ്, പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കമ്പനികള്‍ക്ക് കൈമാറുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. വീണ്ടും 2015 ഫെബ്രുവരി 26-ന് കൊല്ലം കൈപ്പുഴ കമ്പനിയുടെ പ്ലാന്റ് ഉദ്ഘാടന വേളയില്‍ നീരയ്ക്കായി മാറ്റി വെച്ച തുക 2015 മാര്‍ച്ച് 30-നകം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനലംഘനം നടത്തുകയും ഈ തുക ലാപ്‌സാവുകയും ചെയ്ത സാഹചര്യത്തിലാണ് കണ്‍സോര്‍ഷ്യം സമരത്തിനിറങ്ങുന്നതെന്ന് കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ അറിയിച്ചു.
ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം 18 മുതല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരളത്തിലെ എല്ലാ നാളികേര ഉത്പാദക ഫെഡറേഷന്റെ ഭാരവാഹികളും, കമ്പനികളുടെ ചെയര്‍മാന്‍മാരും നേതൃത്വം നല്കുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിനും കമ്പനി കണ്‍സോര്‍ഷ്യം തീരുമാനിച്ചിട്ടുണ്ട്.