Idukki
മംഗളാദേവി ഉത്സവത്തിന്റെ കാണിക്ക ഉന്നത ഉദ്യോഗസ്ഥന്‍ ചാക്കില്‍ കടത്തി

ഇടുക്കി: മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവത്തിന് ലഭിച്ച കാണിക്ക എണ്ണിത്തിട്ടപ്പെടുത്താതെ ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഡെപ്യൂട്ടി കലക്ടര്‍ ചാക്കില്‍കെട്ടി കടത്തിയത് വിവാദമാകുന്നു. മംഗളാദേവി ഉത്സവത്തിന് മുന്നൊരുക്കത്തിനായി ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാണിക്കയായി ലഭിക്കുന്ന പണം ക്ഷേത്രത്തില്‍ ഹൈന്ദവസംഘടനാ പ്രവര്‍ത്തകരുടെ മുന്നില്‍വച്ച് എണ്ണി തിട്ടപ്പെടുത്തി ക്ഷേത്രത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. കലക്ടറുടെ തീരുമാനം കാറ്റില്‍പറത്തിയാണ് ഉദ്യോഗസ്ഥന്‍ ക്ഷേത്ര കാണിക്ക കൈവശപ്പെടുത്തിയത്. മംഗളാദേവിയിലെ കണ്ണകി ക്ഷേത്രത്തില്‍ ലഭിക്കുന്ന കാണിക്ക തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന
കണ്ണകി ട്രസ്റ്റാണ് കൈകാര്യം ചെയ്യുന്നത്. ഗണപതി, ദേവി ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന കാണിക്കയാണ് കേരളത്തിന്റെ പക്കല്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ലക്ഷക്കണത്തിന് രൂപ നടവരവായി ലഭിച്ചിരുന്നു. എന്നാല്‍ ഈ പണം എവിടെപ്പോയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നില്ല. സര്‍ക്കാരിലേക്ക് പണം അടച്ചെന്നാണ് കലക്ടറേറ്റിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ജീവനക്കാരന്‍ പറഞ്ഞത്. സംഭവം അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ ആവശ്യപ്പെട്ടു.