മോദിയുടെ വിദേശ യാത്രാ വിവരം നല്‍കാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

Posted on: May 9, 2015 5:42 am | Last updated: May 8, 2015 at 11:43 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സിംഗപ്പൂര്‍ യാത്രയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു. അഹമ്മദാബാദ് സ്വദേശി സമര്‍പ്പിച്ച വിവരാവകാശ അപക്ഷയിലാണ് ഈയിടെ പ്രധാനമന്ത്രി നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചത്.
അത് അവ്യക്തമാണെന്നായിരുന്നു മന്ത്രാലയത്തിന്റെ മറുപടി. വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുയെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാതിരിക്കുന്നത്.
പ്രധാനമന്തിയുടയും മറ്റ് മന്ത്രിമാരുമുള്‍പ്പെടെയുള്ള വി വി ഐ പികളുടെ യാത്രാ വിവരങ്ങള്‍ പൊതുതാത്പര്യാര്‍ഥം പുറത്ത് വിടാവുന്നതാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഒരു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റ യാത്രാ ചെലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര വിവരാവാകശ കമ്മീഷന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
2004 മുതല്‍ 2013വരെയുള്ള വിദേശയാത്രകള്‍ക്ക് മുന്‍പ്രധാനമന്ത്രിക്ക് 642 കോടി രൂപ ചെലവായെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ 14 വിദേശ യാത്രകള്‍ക്ക് 225 കോടി രൂപ ചെലവായെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.