Connect with us

Gulf

ചൊവ്വ പര്യവേഷണം: യു എ ഇ ശാസ്ത്ര ലോകത്തിന് മുമ്പിലുള്ളത് അഞ്ചു വര്‍ഷങ്ങള്‍

Published

|

Last Updated

ഡെപ്യൂട്ടി പ്രൊജക്ട് മാനേജര്‍ സാറ അമീരി ചൊവ്വ പര്യവേഷണത്തെ കുറിച്ച് വിശദീകരിക്കുന്നു

ദുബൈ: രാജ്യത്തിന്റെ സ്പ്‌ന പദ്ധതിയായ ചൊവ്വാ പര്യവേഷണത്തിന് വേഗം വര്‍ധിക്കുമ്പോള്‍ യു എ ഇ ശാസ്ത്ര ലോകത്തിന് മുമ്പിലുള്ളത് നിര്‍ണായകമായ അഞ്ചു വര്‍ഷങ്ങള്‍. മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്ററിലെ ഏഴ് സ്വദേശി ശാസ്ത്ര പ്രതിഭകളുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. 2020 ലാണ് യു എ ഇ ആളില്ലാ പേടകം ചൊവ്വയിലേക്ക് അയക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. പേടകം വികസിപ്പിക്കുന്നതിന്റെ ഭാഗമായ രൂപകല്‍പന ഉള്‍പെടെയുള്ള കാര്യങ്ങളെല്ലാം ഈ സംഘത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ചെറിയ സമയമേ പദ്ധതി പൂര്‍ത്തിയാക്കാനുള്ളൂവെന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് പ്രജക്ട് മാനേജര്‍ ഇംറാന്‍ ഷറഫ് വ്യക്തമാക്കി. ഭൂമിയും ചൊവ്വയും ഭ്രമണപഥത്തില്‍ നേര്‍രേഖയില്‍ വരുന്നത് രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്. ഇത് ദൗത്യം കൂടുതല്‍ ശ്രമകരമാക്കുന്ന ഘടകമാണ്. അടുത്ത വര്‍ഷം ആവുമ്പോഴേക്കും പേടകത്തിന്റെ പാതി ജോലികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. 2019ന് മുമ്പായി ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറെ വെല്ലുവിളികള്‍ നേരിടുന്ന പദ്ധതിയാണിതെന്ന് ഡെപ്യൂട്ടി പ്രൊജക്ട് മാനേജര്‍ സാറ അമീരിയും വ്യക്തമാക്കി. വ്യക്തമായ ആസൂത്രണത്തിലൂടെ മാത്രമെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കൂവെന്നും അവര്‍ പറഞ്ഞു.
2020 ജുലൈയിലാണ് പേടകം വിക്ഷേപിക്കുക. ഏഴു മാസത്തെ പ്രയാണത്തിനൊടുവില്‍ 2021ല്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. 1.1 ലക്ഷം കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഓരോ വര്‍ഷവും ഈ തുകയില്‍ എട്ടു ശതമാനത്തിന്റെ വര്‍ധനവ് വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. പദ്ധതിക്ക് വേഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്‌പെയ്‌സ് സെന്റര്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു. യു എ ഇയുടെ ചൊവ്വാ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സെന്റര്‍ മേല്‍നോട്ടം വഹിക്കാനും സെന്ററിലൂടെ ലക്ഷ്യമിടുന്നു. ചൊവ്വ പര്യവേഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യു എ ഇയും ഫ്രാന്‍സും അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ സെന്റര്‍ ഡി”എറ്റിയൂഡ്‌സ് സ്പാര്‍ഷ്യല്‍(സി എന്‍ ഇ എസ്)സുമായി യു എ ഇ സ്‌പേയ്‌സ് ഏജന്‍സി ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഈ നേട്ടത്തിനായി ശ്രമിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ചൊവ്വാ പര്യവേഷണത്തിലൂടെ യു എ ഇ ലക്ഷ്യമിടുന്നു.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് ചൊവ്വ പര്യവേക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. യു എ ഇ രൂപീകരണത്തിന്റെ 50ാം വര്‍ഷികം 2020ലാണ് ആഘോഷിക്കുകയെന്നതും പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

---- facebook comment plugin here -----

Latest