പാക്കിസ്ഥാനില്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ തകര്‍ത്തു; അംബാസഡര്‍മാരടക്കം ഏഴ് മരണം

Posted on: May 8, 2015 4:58 pm | Last updated: May 8, 2015 at 11:58 pm

pakistan-helicopter-crash
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം. പാക് വ്യോമസേനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വിവിധ രാഷ്ട്രപ്രതിനിധികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. മൂന്ന് ഹെലികോപ്റ്ററുകളില്‍ ഒന്നാണ് തകര്‍ത്തത്. നോര്‍വെ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ അംബാസഡര്‍മാരടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരുക്കേറ്റു. ഗില്‍ജിറ്റ് ജില്ലയിലെ സൈനിക സ്‌കൂള്‍ കെട്ടിടത്തിന് മുകളിലാണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്.

പാക്ക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് സൂചന. തകര്‍ക്കപ്പെട്ട കോപ്റ്ററിന് തൊട്ടുപിറകെയാണ് ശരീഫ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ എത്തിയത്. വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.