Malappuram
മുള്ള്യാകുറിശിയില്‍ വീണ്ടും പുലി; വളര്‍ത്തു മൃഗങ്ങളെ കൊന്നു

പെരിന്തല്‍മണ്ണ: മുള്ള്യാകുറിശിയില്‍ വീണ്ടും പുലിയിറങ്ങി. കഴിഞ്ഞ ജനുവരിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു തിന്ന പ്രദേശത്തു നിന്ന് അര കിലോമീറ്റര്‍ മാറിയാണ് രണ്ടു വയസ് പ്രായമുള്ള പോത്തുകുട്ടിയെയും ഒന്നര വയസുള്ള കാളക്കുട്ടിയെയും പുലി കടിച്ചു കൊന്നത്.
കാളക്കട്ടിയുടെ മാസം ഭക്ഷിച്ചിട്ടുണ്ട്. മുള്ള്യാകുറിശി മേല്‍മുറിയിലെ മാട്ടുമ്മത്തൊട പരേതനായ മമ്മി ഹാജിയുടെ തെങ്ങിന്‍തോട്ടത്തില്‍ വളര്‍ത്തിയ മാട്ടിന്‍ കുട്ടികളെയാണ് പുലി പിടിച്ചത്. മറ്റ് രണ്ട് മാടുകള്‍ കെട്ടിയിട്ടില്ലാത്തതിനാല്‍ ഓടി രക്ഷപെട്ടിട്ടുണ്ട്. കൊന്ന മാടുകളെ അഞ്ചു മീറ്ററോളം വലിച്ചു കൊണ്ടുപോയിട്ടുണ്ട്.
രാവിലെ 6.30ന് മമ്മിഹാജിയുട മകന്‍ മുഹമ്മദലി ബാബ മാടുകള്‍ക്ക് വെള്ളം നല്‍കാനെത്തിയപ്പോഴാണ് ഇവ പിടയുന്നത് കണ്ടത്. ചീരട്ടാമലയുടെ താഴ്‌വാരമായ മുറുപ്പാറയിലാണ് സംഭവം. സംഭവം നടന്നതിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ നിരവധി വീടുകളുണ്ട്. രണ്ടാം ആക്രമണമുണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പുലിയെ പിടിക്കാന്‍ വനം വകുപ്പ് വണ്ടൂരില്‍ സ്ഥാപിച്ചിരുന്ന പുലിക്കെണി മുള്ള്യാകുറിശ്ശിയിലെത്തിച്ച് മൃഗങ്ങളെ കൊന്ന പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സായുധ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം വനം വകുപ്പ് നല്‍കിയിട്ടുണ്ട്.