Malappuram
ദുരിതാശ്വാസ നിധിയില്‍ നിന്ന് 7084 പേര്‍ക്ക് സഹായം നല്‍കും

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെയ് 16 ന് മലപ്പുറത്ത് നടത്തുന്ന “കരുതല്‍- 2015” ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്ക് അപേക്ഷിച്ചവരില്‍ അര്‍ഹരായ 7084 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ നഗരകാര്യ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്‌ക്രീനിങ് കമ്മിറ്റി യോഗം ശുപാര്‍ശ ചെയ്തു.
573 പേര്‍ക്ക് ഒരു ലക്ഷം വീതവും 73 പേര്‍ക്ക് ലക്ഷത്തിന് മുകളിലും 6438 പേര്‍ക്ക് 50000 ത്തിനും ഒരു ലക്ഷത്തിനും ഇടയിലും സഹായം അനുവദിക്കാനാണ് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗം ശുപാര്‍ശ ചെയ്തത്. ബി പി എല്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിനുള്ള 4908 അപേക്ഷകളില്‍ 1937 എണ്ണം അര്‍ഹമാണെന്ന് കണ്ടെത്തി ഇവര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു. ജനസമ്പര്‍ക്ക ദിവസം മുഖ്യമന്ത്രിക്ക് നേരിട്ട് പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി 100 അപേക്ഷകള്‍ സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തു. ദുരിതാശ്വാസ നിധിയിലേയ്ക്ക് അപേക്ഷിച്ചവരില്‍ 73 പേര്‍, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് 13, സാമൂഹികനീതി വകുപ്പ് 12, ഐ.ഡി.ഡി.എസ്- രണ്ട് എന്നിങ്ങനെ അപേക്ഷകരെയാണ് ജനസമ്പര്‍ക്ക ദിവസം മുഖ്യമന്ത്രി ആദ്യമായി നേരില്‍ കാണുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ച 7920 അപേക്ഷകളില്‍ അനര്‍ഹരായ 836 ഒഴികെ എല്ലാം പരിഗണിച്ചതായി മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. കിടപ്പിലായ രോഗികളെയെല്ലാം ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിവിധ താലൂക്കുകളില്‍ പരിശോധന പൂര്‍ത്തിയാക്കിയ കിടപ്പുരോഗികളുടെ എണ്ണം ഇങ്ങനെയാണ്. പൊന്നാനി- 11, ഏറനാട്- 15, തിരൂരങ്ങാടി- 12, കൊണ്ടോട്ടി- 30, നിലമ്പൂര്‍- 35, പെരിന്തല്‍മണ്ണ- 91, തിരൂര്‍- 40.
ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനായി മൊത്തം 19,070 അപേക്ഷകളാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി ലഭിച്ചത്. ഭവന നിര്‍മാണ ധനസഹായത്തിന് 2197, വികലാംഗ ധനസഹായത്തിന് 527, ജോലി- സ്വയംതൊഴിലിന് 532, വൈദ്യുതി- വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട് 304, ആരോഗ്യ വകുപ്പ് 121, വായ്പ 342, പട്ടയം 324, വീട്ട് നമ്പര്‍ 88, പൊലീസ് സഹായം 24, സാമൂഹികനീതി വകുപ്പ് 134, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 131, ഗതാഗത സേവനങ്ങള്‍ക്ക് 140, പി.എസ്.സി. 46, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 25, റോഡ്- ബില്‍ഡിങ് അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട് 207, മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് 996 എന്നിങ്ങനെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയ ശേഷം കലക്ടറേറ്റിലെ പി ജി ആര്‍ സെല്ലില്‍ 5000 ത്തോളം പുതിയ അപേക്ഷകള്‍ ലഭിച്ചതായും ഇത് 15,000 ത്തോളം കവിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ കെ. ബിജു, എ ഡി എം. എം ടി ജോസഫ്, സബ് കലക്ടര്‍മാരായ അമിത് മീണ, അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
രാവിലെ എട്ടിന് തുടങ്ങും: മുഖ്യമന്ത്രിയുടെ “കരുതല്‍- 2015” ജനസമ്പര്‍ക്ക പരിപാടി മെയ് 16 ന് രാവിലെ എട്ടിന് മലപ്പുറം എം എസ് പി പരേഡ് ഗ്രൗണ്ടില്‍ തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ കെ. ബിജു അറിയിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം തിരഞ്ഞെടുത്ത 100 അപേക്ഷകരെയാണ് മുഖ്യമന്ത്രി ആദ്യം നേരില്‍ കാണുക. പുതുതായി അപേക്ഷ നല്‍കാനെത്തുന്നവര്‍ക്ക് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിലും വൈകീട്ട് അഞ്ചിന് ശേഷവും മുഖ്യമന്ത്രിയെ നേരില്‍ കാണാം. ഉച്ചയ്ക്ക് രണ്ടിന് ശേഷം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയും അംഗപരിമിതരെയും അവര്‍ക്കായി ഒരുക്കുന്ന പ്രത്യേക ബ്ലോക്കില്‍ ചെന്ന് മുഖ്യമന്ത്രി കാണും. അപേക്ഷകള്‍ ബന്ധപ്പെട്ട കൗണ്ടറുകളില്‍ ഏല്പിച്ച് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് രാവിലെ മുതല്‍ അതിനുള്ള സൗകര്യമുണ്ടാകും. ഉദ്യോഗസ്ഥര്‍ ജനസമ്പര്‍ക്ക ദിവസം രാവിലെ ഏഴിന് തന്നെ എം.എസ്.പി. ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു.
വേദിയില്‍ എംപ്ലോയ്ബിലിറ്റി സ്‌കില്‍ സെന്റര്‍ സജീകരിക്കും: ജോലിക്കും സ്വയം തൊഴിലിനും അപേക്ഷിച്ചവരെ സഹായിക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിന്റെ സഹായത്തോടെ ജനസമ്പര്‍ക്ക വേദിയില്‍ സ്‌കില്‍ സെന്റര്‍ സജീകരിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ കെ. ബിജു അറിയിച്ചു. “അസാപി”ന്റെ വൊളന്റിയര്‍മാരുടെ സഹകരണത്തോടെ നടത്തുന്ന സെന്ററില്‍ തൊഴിലന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ടൂറിസം വകുപ്പും സെന്ററുമായി സഹകരിക്കും.