മലപ്പുറത്തെ ബിവറേജ് ഷോപ്പുകള്‍ മാറ്റാന്‍ നോട്ടീസ് നല്‍കും

Posted on: May 8, 2015 8:57 am | Last updated: May 8, 2015 at 8:57 am

മലപ്പുറം: മലപ്പുറം ടൗണില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വിദേശമദ്യ ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നോട്ടീസ് നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രദേശവാസികള്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് തീരുമാനം. ബാറുകള്‍ പൂട്ടിയതോടെ ബിവറേജ് ഷോപ്പുകളില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഷോപ്പുകള്‍ ഏതെങ്കിലും ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കാനാണ് തീരുമാനം. അനുവദിക്കുന്ന സമയത്തിനകം ഷോപ്പുകള്‍ മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. വീട് അറ്റകുറപ്പണി നടത്താനുള്ള പദ്ധതിയില്‍ ഗുണഭോക്താക്കളെ നിശ്ചയിച്ചതില്‍ 15 വാര്‍ഡുകളെ ഒഴിവാക്കിയത് യോഗത്തില്‍ ബഹളത്തിനിടയാക്കി. 600 ഗുണഭോക്താക്കളെ നിശ്ചയിച്ചതില്‍ 15 വാര്‍ഡുകളില്‍ നിന്ന് ഒരാള്‍ പോലുമില്ല. ഇത്തരത്തില്‍ വേര്‍തിരിവ് കാണിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍ അപേക്ഷകള്‍ തരാന്‍ വൈകിയതുകൊണ്ടും രേഖകള്‍ കൃത്യമല്ലാത്തതുകൊണ്ടും ആകാം ഇത്തരത്തില്‍ സംഭവിച്ചതെന്ന് ചെയര്‍മാന്‍ കെ പി മുസ്തഫ പറഞ്ഞു. അപേക്ഷ തരാത്തതിനാലാണ് ചല വാര്‍ഡുകളിലുള്ളവര്‍ക്ക് ആനുകൂല്യം കിട്ടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങളുടെ വാര്‍ഡുകളില്‍ നിരവധി പേര്‍ അപേക്ഷിച്ചെന്നും അവര്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
വീട് അറ്റകുറ്റപ്പണി നടത്താന്‍ എസ്‌സി വിഭാഗത്തിനും ജനറല്‍ വിഭാഗത്തിനും പ്രത്യേകമായി ഫണ്ട് നല്‍കുന്നുണ്ട്. 600 പേര്‍ക്കാണ് ഈ വര്‍ഷം പണം നല്‍കുന്നത്. 15 വാര്‍ഡുകളിലെ അപേക്ഷകളില്‍ ഒന്നുപോലും പരിഗണിച്ചിട്ടില്ല. ഇവരുടെ അപേക്ഷകളില്‍ പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അവസരം നല്‍കണമായിരുന്നെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭരണസമിതിയെ ചോദ്യം ചെയ്യുന്നതിനാലാണ് തങ്ങളുടെ വാര്‍ഡുകളെ അവഗണിച്ചതെന്നും ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് ആരോപണമുണ്ട്.