Kozhikode
അനീതിക്കെതിരെയുള്ള പോരാട്ടമാണ് സോഷ്യലിസം: അച്ചിന്‍ വനായക്

കോഴിക്കോട്: മുതലാളിത്തം അനീതിയുടെയും അസമത്വത്തിന്റെയും പര്യായമാകുമ്പോള്‍ അനീതിക്കെതിരെയുള്ള പോരാട്ടമാണ് സോഷ്യലിസമെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റി റിട്ട. പ്രൊഫസറും എഴുത്തുകാരനുമായ അച്ചിന്‍ വനായക്. കോര്‍പറേറ്റുകളുടെ ഇത്തരം മുതലാളിത്ത വികസന നയമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. പരിസ്ഥിതിയെയും ജന ജീവിതത്തെയും തകര്‍ത്തെറിയുന്ന മുതലാളിത്തത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
“സോഷ്യലിസം ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍” എന്ന വിഷയത്തില്‍ മാസ് മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ഓള്‍ട്ടര്‍നേറ്റീവ് (മാസ്) സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാഭത്തിന് വേണ്ടിയുള്ള അവസാനിക്കാത്ത അന്വേഷണമാണ് മുതലാളിത്തം. ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും അമിതോത്പ്പാദനമാണ് മുതലാളിത്തം ലക്ഷ്യമിടുന്നത്. ഇതിനെതിരെയുള്ള പ്രതിരോധത്തില്‍ പ്രധാനം സോഷ്യലിസം തന്നെയാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു സൂപ്പര്‍ സാമ്രാജ്യത്വം ഉയര്‍ന്നുവരുമ്പോഴും ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് പോരാട്ടങ്ങളാണ് നമുക്ക് പ്രതീക്ഷ തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ മുഖ്യധാരാ ഇടത് പാര്‍ട്ടികള്‍ക്കൊപ്പം സമാനചിന്താഗതിക്കാരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കണമെന്ന് സെമിനാറില്‍ പ്രസംഗിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒരേ ലക്ഷ്യത്തിന് വേണ്ടി പോരാടുന്നവര്‍ വെവേറെ കമ്പാര്‍ട്ടുമെന്റുകളില്‍ ഇരിക്കേണ്ടവരല്ല. വെവേറെ നടത്തുന്ന പോരാട്ടങ്ങള്‍ ഒരിക്കലും ശക്തിയാര്‍ജിക്കില്ല. ഇക്കാര്യത്തില്‍ ലാറ്റിനമേരിക്കയെ മാതൃകയാക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു. അശോക് മുഖര്‍ജി, കുനാല്‍ ചതോപാധ്യായ, എം എം സോമശേഖരന്‍, കെ എസ് ഹരിഹരന്‍, പി സി ഉണ്ണിച്ചെക്കന്‍, പ്രൊഫ: പി ജെ ജയിംസ്, ഡോ. ആസാദ്, ഗിരിജേഷ് തിവാരി, ആര്‍ മോഹന്‍ പ്രസംഗിച്ചു.