Kerala
കൂടുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയേക്കും

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പരമാവധി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയേക്കും. ഇതിന്റെ ഭാഗമായി എണ്‍പതോളം സ്‌കൂളുകളുടെ ശിപാര്‍ശ വൈകാതെ മന്ത്രിസഭയുടെ പരിഗണനക്കെത്തും.
സംസ്ഥാനത്തെ അനധികൃത സ്‌കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വ്യവസ്ഥകളില്‍ ചെറിയ ഇളവുകള്‍ വരുത്തിയായാലും പരമാവധി അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് അംഗീകാരമില്ലാതെ സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 308 എണ്ണത്തിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ച 626 സ്‌കൂളുകളില്‍ നിന്നാണ് മാനദണ്ഡം പൂര്‍ത്തീകരിച്ചവയെന്ന നിലയിയിലാണ് അപേക്ഷിച്ചതില്‍ പകുതിയോളം സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയത്. അതേസമയം, കൂടുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പൊതുവിദ്യാലയങ്ങള്‍ക്ക് ഭീഷണിയാണെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളുകളെ മാത്രമാണ് അംഗീകാരത്തിനായി പരിഗണിക്കുന്നതെന്നും ഇത് പൊതുവിദ്യാലയങ്ങളെ ബാധിക്കില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
അംഗീകാരമില്ലാതെ സ്റ്റേറ്റ് സിലബസില്‍ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവര്‍ത്തനാനുമതി നല്‍കാനാകില്ല. ഈ സാഹചര്യത്തിലാണ് നിലവില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി 2013 ജൂലൈ പതിനഞ്ചിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.