Articles
അഴിമതി കുറ്റമല്ലാത്ത കാലത്തെ രാഷ്ട്രീയ ധാര്‍മികത

രാഷ്ട്രീയക്കാര്‍ക്കും, ഭരണാധികാരികള്‍ക്കുമിടയില്‍ അഴിമതിയും സ്വജനപക്ഷപാതവും കുറ്റമല്ലാതായി മാറിയ പ്രത്യേക സാഹചര്യത്തിലൂടെയാണ് കേരള രാഷ്ട്രീയം കടന്നു പോകുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറെ രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ച കേരളത്തില്‍ രാഷ്ട്രീയ ധാര്‍മികതയെന്നത് ഇന്ന് ആലങ്കാരിക പദം മാത്രമായി ചുരുങ്ങുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്. അഴിമതി നാണക്കേടായി കരുതപ്പെടന്ന കാലമല്ല ഇതെന്ന വിജിലന്‍സ് ഡയറക്ടറുടെ തുറന്നു പറച്ചില്‍ ഇതിന്റെ ആഴം എത്രയാണെന്ന് വ്യക്തമാക്കുന്നു.
അഴിമതി പൊതുജീവിതത്തിന്റെ ഭാഗമായിരിക്കുന്നുവെന്നും അഴിമതി തടയേണ്ട സംവിധാനങ്ങള്‍ പരാജയമാകുന്നുവെന്നും ഈ സംവിധാനത്തിന്റെ അധിപന്‍ തന്നെ പറയുമ്പോള്‍ അഴിമതി തടയേണ്ട സംവിധാനങ്ങള്‍ എത്രമേല്‍ സ്വാധീനിക്കപ്പെട്ടുവെന്ന് ബോധ്യമാണ്. സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഏജന്‍സികള്‍ക്കു മേല്‍ സമ്മര്‍ദമുണ്ടെന്ന കുറ്റസമ്മതവും അഴിമതിക്കാരെ ജനം വെറുക്കുന്ന സാഹചര്യമുണ്ടാകണമെന്ന അഭ്യര്‍ഥനയും ഈ മേഖലയിലെ തെറ്റായ ഇടപെടലുകളെയാണ് വ്യക്തമാക്കുന്നത്.
അഴിമതി വ്യക്തിപരമായും, സാമൂഹികമായും മോശം പ്രവണതയായി പരിഗണിക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും യുഗം കേരളത്തില്‍ അവസാനിച്ചുവെന്നാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അഴിമതിക്കാരുടെ സംരക്ഷണത്തിനായി പൊതുഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികള്‍ നിയമപാലന സംവിധാനത്തെ പോലും ഇതിനായി ഉപയോഗിക്കുന്നുവെന്നത് ദേശീയ തലത്തില്‍ കേരളത്തിന്റെ പ്രതിച്ഛായക്ക് വരുത്തുന്ന കളങ്കം കുറച്ചൊന്നുമല്ല. അതേസമയം രാഷ്ട്രീയ രംഗത്തുണ്ടായ അപചയത്തോടൊപ്പം രാഷ്ട്രീയ പ്രബുദ്ധതയുടെ വാക്താക്കളെന്ന് വാഴ്ത്തപ്പെട്ടിരുന്ന മലയാളികളെയും ഈ അപചയം ബാധിച്ചിരിക്കുന്നുവെന്നത് ഏറെ ഖേദകരമാണ്. പ്രകടമായ അഴിമതി ആരോപണങ്ങളും, കോടതി പരാമര്‍ശങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സ്ഥാനങ്ങള്‍ ത്യജിക്കാന്‍ തയ്യാറായിരുന്ന പഴയ കാല രാഷ്ട്രീയ നേതാക്കള്‍ ഇത്തരം ആരോപണങ്ങള്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായി ഉണ്ടാക്കുന്ന ചീത്തപ്പേരിനെ വളരെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ഇതിന്റെ നേര്‍ വിപരീതമാണ് കേരളത്തിലെ വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യം നമുക്ക് കാണിച്ചു തരുന്നത്. ജനതാത്പര്യം നടപ്പാക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച ഭരണാധികാരികളുടെ പ്രവര്‍ത്തനം സ്വന്തം താത്പര്യത്തിനും, തങ്ങളുടെ ഇഷ്ടക്കാര്‍ക്കുമായി ചുരുങ്ങുമ്പോഴാണ് അഴിമതി പിറവിയെടുക്കുന്നത്.
അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഭരണസംവിധാനവും, രാഷ്ട്രീയ സംവിധാനങ്ങളും ഉപയോഗിക്കുന്ന ഭരണാധികാരികള്‍ ഇക്കാര്യം പരസ്യമായി പറയാനും ധൈര്യം കാണിക്കുന്നുവെന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായി കണ്ടാല്‍ തെറ്റുപറയാനാവില്ല. അടുത്ത കാലത്തായി കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു അഴി മതി ആരോപണത്തിന്റെയും നിജസ്ഥിതി വ്യക്തമാക്കപ്പെട്ടിട്ടില്ല. വ്യക്തമായ തെളിവുകളോടെ കേരളം ചര്‍ച്ച ചെയ്ത സോളാര്‍ തട്ടിപ്പുകേസിലെ ഭരണാധികാരികളുടെ പങ്കിന്റെ ചുരുളഴിഞ്ഞിട്ടില്ല. ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ട രീതിയും ഇതിനോട് മലയാളികള്‍ പ്രകതികരിച്ച വിധവും കേരളീയരുടെ രാഷ്ട്രീയ പ്രബുദ്ധതയെ ചോദ്യംചെയ്യാന്‍ പോന്നതായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ ഏറെ ബഹളത്തിനിടയാക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ ഭരണ പ്രതിപക്ഷങ്ങള്‍ നടത്തിയ പൊറാട്ട് നാടകങ്ങളും കേരളത്തിന് തെറ്റായ സന്ദേശമാണ് നല്‍കിയത്. അഴിമതിയോടും സ്വജനപക്ഷപാതത്തോടും മലയാളികള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാടില്‍ ഈ നാടകങ്ങള്‍ വരുത്തിയ മാറ്റം ഏറെ പ്രകടമാണ്. എന്തിന്റെ പേരിലായാലും ഈ നീക്കങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ കടയ്ക്കലാണ് കത്തിവെച്ചത്.
ഇതിന് തൊട്ടു പിറകെ വന്ന മറ്റു അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഇതിന്റെ അന്വേഷണങ്ങളും സ്ഥിതി മറ്റൊന്നല്ല. ഭരണാധികളും, അവരുടെ ആശ്രിതരും ഉള്‍പ്പെട്ട കേസുകളും ഇതിലുള്‍പ്പെടും. മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് മുഖ്യപ്രതിയായ കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുകളിലെ അന്വേഷണത്തെ സര്‍ക്കാര്‍ സ്വാധീനിച്ചെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാറിനെതിരെ പല തവണ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുണ്ടായെങ്കിലും ഇതൊന്നും ഭരണാധികാരികളെ തെല്ലും ബാധിച്ചെന്നത് കേരളത്തിന്റെ രാഷ്ട്രീയ ധാര്‍മികതക്കുണ്ടായ അപചയമായേ കാണാന്‍ കഴിയൂ. ഇതിന് തൊട്ടു പിറകെ വന്ന പൊതുമരാമത്ത് വകുപ്പിനെതിരായ അഴിമതി ആരോപണവും, ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. രാഷ്ട്രീയ ധാര്‍മികതക്ക് പ്രാധാന്യം നല്‍കാന്‍ ഭരണാധികാരികള്‍ വിസമ്മതിക്കുന്നതുപോലെ രാഷ്ട്രീയ കേരളത്തിലെ ജനങ്ങളും ഈ പ്രവണതളോട് പൊരുത്തപ്പെട്ടുവെന്നും വേണം കാരുതാന്‍. അഴിമതി ആരോപണ വിധേയരായ നേതാക്കള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ പരിരക്ഷയും, സ്വീകാര്യതയും ഇതാണ് സൂചിപ്പിക്കുന്നത്.
അതേസമയം അഴിമതി ആരോപിക്കപ്പെട്ടവര്‍ക്ക് പരിരക്ഷ ലഭിക്കുമ്പോള്‍ തന്നെ അഴിമതി ഉന്നയിച്ചവര്‍ രാഷ്ട്രീയമായി തകര്‍ക്കപ്പെടുന്ന കാഴ്ചയും ഇക്കാലയളവില്‍ കേരളം കണ്ടു. ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണങ്ങളെയും നിയമ നടപടികളെയും നേരിടുന്ന ഭരണാധികാരികള്‍ അതോടൊപ്പം ആരോപണ മുന്നയിച്ചവരെ രാഷ്ട്രീയമായി നിഷ്‌കാസനം ചെയ്യുന്ന ഒരു പുതിയ പ്രവണതയും കേരളത്തിന് ശീലിച്ചിരിക്കയാണ്. പൊതുമരാമത്ത് മന്ത്രിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച കെ ബി ഗണേഷ്‌കുമാറിനെയും, ബാര്‍കോഴ കേസില്‍ ധനമന്ത്രിക്കെതിരെ നിലപാട് സ്വീകരിച്ച പി സി ജോര്‍ജിനെയും രാഷ്ട്രീയമായി കൈകാര്യം ചെയ്ത രീതി കേരള രാഷ്ട്രീയത്തില്‍ സമീപഭാവിയില്‍ കാണാനിരിക്കുന്ന തെറ്റായ പ്രവണതയുടെ തുടക്കമായേക്കും. കുറ്റാരോപിതര്‍ സംരക്ഷിക്കപ്പെടുകയും, ആരോപണമുന്നയിച്ചവര്‍ രാഷ്ട്രീയമായി തകര്‍ക്കപ്പെടുകയും ചെയ്യുന്നുവെന്ന അവസ്ഥയുണ്ടായാല്‍ അത് ഭാവിയില്‍ അഴിമതിക്ക് ആക്കം കൂട്ടാനേ ഉപകാരപ്പെടൂ. രാഷ്ട്രീയ നേട്ടങ്ങളും രാഷ്ട്രീയ ഭാവിയും കണക്കിലെടുത്ത് പലരും ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറുമ്പോള്‍ അത് അഴിമതിക്കാര്‍ക്ക് ഏരെ സഹായകമാകും.
അതോടൊപ്പം ഇത്തരം ഭൗതിക നേട്ടങ്ങള്‍ നീട്ടിക്കാണിച്ച് അഴിമതി വിരുദ്ധ ശബ്ദങ്ങളെ ഇല്ലാതാക്കിയാല്‍ അത് കേരളത്തിന്റെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ആരോപണമുന്നയിക്കുന്നവരുടെ താത്പര്യങ്ങള്‍ എന്തായാലും ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഇതിനെ കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയക്കാരുടെ രീതിയില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ആരോപണമുന്നയിക്കുന്നവന്റെ സ്വഭാവശുദ്ധിക്കപ്പുറം ഉന്നയിക്കപ്പെട്ട അഴിമതിയുടെ ഗൗരവവും, ഇതിന്റെ വരും വരായ്കകളും ചര്‍ച്ച ചെയ്യുന്നതിന് പകരം ആരോപണമുന്നയിക്കുന്നവരെ തേജോവധം ചെയ്യുന്നതിലൂടെ ആരോപണത്തിന്റെ മുനയൊടിക്കുകയും, പിന്നീട് ഭരണ സ്വാധീനമുപയോഗിച്ച് അന്വേഷണത്തെയും നടപടികളെയും വരുതിയിലാക്കുന്ന പുതിയ പ്രവണത കേരളത്തിന്റെ ഭാവിയെ കുറിച്ച് ഏറെ ആശങ്ക പരത്തുന്നതാണ്.
ഭരണകൂടത്തിന് നേരെ ആരോപണമുന്നയിക്കുന്നവരുടെ വായടപ്പിക്കുന്നതോടൊപ്പം ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ അന്വേഷണത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ കോടതികള്‍ മുതല്‍ നിയമ പാലന സംവിധാനങ്ങളെ വരെ സ്വാധീനിക്കുന്ന ഭരണകൂടം ഇതിലൂടെ ഭരണീയര്‍ക്ക് നല്‍കുന്ന സന്ദേശം ഭീഷണിയുടേതാണെന്നതില്‍ സംശയമില്ല.
ഒരേ കേസില്‍ തന്നെ രണ്ട് നിയമോപദേശങ്ങള്‍ സ്വീകരിച്ചതും, നിയമോപദേശം അനുകൂലമല്ലാത്തതിനാല്‍ എ ജിയുടെ നിയമോപദേശം മറികടന്ന് താരതമ്യേന ജൂനിയറായ ജില്ലാ പ്ലീഡറുടെ നിയമോപദേശം സ്വീകരിച്ചതുമെല്ലാം ഭരണകൂടത്തിന്റെ ഇടപെടലുകള്‍ തുറന്നു കാണിക്കുന്നതാണ്. എതിര്‍ ചേരിയിലെ രാഷ്ട്രീയ എതിരാളികളെയും, സ്വന്തം പാളയത്തിലെ ശത്രുക്കളെയും ഒതുക്കാനും, ആരോപണങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും തലയൂരാനും നിയമ സംവിധാനങ്ങളെയും നിയമപാലന സംവിധാനങ്ങളെയും പരസ്യമായും രഹസ്യമായും ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികള്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തിലെ ഭരണ സംവിധാനത്തെ അരാജകത്വത്തിലേക്കെത്തിക്കുമെന്ന ആശങ്കകളെ തള്ളിക്കളയാനാവില്ല.