റോഡില്‍ താരമാവാന്‍ സ്മാര്‍ട് ആംബുലന്‍സ്

Posted on: May 7, 2015 6:17 pm | Last updated: May 7, 2015 at 6:24 pm

&MaxW=640&imageVersion=default&AR-150509443ദുബൈ: ആഢംബര കാറുകള്‍ ഓടുന്ന ദുബൈ നഗരത്തില്‍ റോഡില്‍ താരമാവാന്‍ സ്മാര്‍ട് ആംബുലന്‍സുകള്‍ ഒരുങ്ങുന്നു. രോഗികള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്കും അതിവേഗം ആശുപത്രികളില്‍ എത്താനായാണ് അത്യാധുനിക ആഢംബര ആംബുലന്‍സുകള്‍ നിരത്തിലിറങ്ങാന്‍ തയ്യാറാവുന്നത്. സ്‌പോട്‌സ് വിഭാഗത്തില്‍ ഉള്‍പെടുന്ന അത്യാഢംബര കാറുകള്‍ ദുബൈ പോലീസിന്റെ ഭാഗമായത് നേരത്തെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് വേഗത്തിലും സുരക്ഷിതത്വത്തിലും കിടയറ്റ അത്യാധുനിക ആംബലന്‍സുകള്‍ എത്തുന്നത്. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഡിജിറ്റല്‍ ഹെല്‍ത് ലൈവിന്റെ ഭാഗമായാണ് ഈ വിഭാഗത്തില്‍പെട്ട കാറുകള്‍, ബൈക്കുകള്‍, ട്രക്കുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഹെല്‍ത്‌ലൈവിന്റെ ഭാഗമായി വിവിധ മോട്ടോര്‍ വാഹന നിര്‍മാണ കമ്പനികള്‍ രൂപംനല്‍കിയ സ്മാര്‍ട് വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മസില്‍ കാറുകളെന്നാണ് ഇത്തരം വാഹനങ്ങളെ വിളിക്കുന്നത്.

പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ആരോഗ്യപരിരക്ഷക്ക് ഉതകുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഉള്‍പെട്ട ഹെല്‍ത് കെയര്‍ ബൈക്കുകളുമായി ഹെല്‍ത് ലൈവില്‍ സ്ഥാനം പടിച്ചിട്ടുണ്ട്. ആംബുലന്‍സുകള്‍ രംഗത്ത് എത്തുന്നതിന് മുമ്പേ അപകടസ്ഥലത്ത് എത്താനും ആവശ്യമായ ശുശ്രൂഷകളും ചികിത്സകളും നല്‍കാനും ഉതകുന്ന എല്ലാ സംവിധാനങ്ങളും മസില്‍ കാറുകളില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഫാസ്റ്റ് റെസ്‌പോണ്ടിംഗ് പാരമെഡിക് വിഭാഗത്തിലെ അംഗമായ ഹാരിബ് യനിസ് വ്യക്തമാക്കി. രോഗികളെ ഉടനെ പരിചരിക്കാനും അതിവേഗം എത്താവുന്ന സംവിധാനം ദുബൈക്ക് ഉണ്ടെന്ന് നഗരവാസിളെ ബോധ്യപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. സൗരോര്‍ജം ഉപയോഗപ്പെടുത്തിയാണ് സ്മാര്‍ട് ആംബുലന്‍സില്‍ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക രോഗനിര്‍ണയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് പരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിക്കാനും ഉപകരിക്കും.
രോഗങ്ങള്‍ കണ്ടെത്തുന്നതിനായി സജ്ജമാക്കിയ ഉപകരണങ്ങളില്‍ നിന്നു ഫലങ്ങള്‍ രോഗിയെ കാത്തിരിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനും സാധിക്കും. അണുബാധ ഏല്‍ക്കാത്ത രീതിയിലാണ് ആംബുലന്‍സിന്റെ തറ തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് പുറമെ രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ഒരു ഡോക്ടര്‍ക്കും ഇതില്‍ സുഖമായി ജോലിചെയ്യാന്‍ സാധിക്കും. അള്‍ട്രസൗണ്ട് സംവിധാനം, ഫുള്‍ എക്‌സ്‌റേ തുടങ്ങിയവയുള്ള ആംബുലന്‍സില്‍ അപകടത്തില്‍ അകപ്പെടുന്നവര്‍ക്ക് ആവശ്യമായ മതിയായ ചികിത്സാ സൗകര്യങ്ങളും ആശുപത്രിയില്‍ എത്തുന്നത് വരെ തുടരാന്‍ ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. മസില്‍ കാറുകളില്‍ അത്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഉതകുന്ന സൈക്കിള്‍ കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്. മരുഭൂമിയില്‍ അകപ്പെട്ടവരെയും ഈ വാഹനത്തിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് അതിവേഗം എത്തിക്കാന്‍ സാധിക്കുമെന്ന് പാരാമെഡിക്കല്‍ ജീവനക്കാരിയായ സാറ അല്‍ ഹദ്ദാദും വ്യക്തമാക്കി.