പണയ സ്വര്‍ണം ഇടപാടുകാരി അറിയാതെ ലേലം ചെയ്തു: നഷ്ട പരിഹാരം നല്‍കണമെന്ന് വനിതാ കമ്മീഷന്‍

Posted on: May 7, 2015 12:39 pm | Last updated: May 7, 2015 at 12:39 pm

മലപ്പുറം: ഓറിയന്റല്‍ ബേങ്കില്‍ പണയം വെച്ച സ്വര്‍ണം ഇടപാടുകാരി അറിയാതെ ലേലം ചെയ്ത സംഭവത്തില്‍ ബേങ്ക് നഷ്ടപരിഹാരം നല്‍കാന്‍ വനിതാ കമ്മീഷന്റെ ഉത്തരവ്.
പള്ളിക്കല്‍ തേഞ്ഞിപ്പലം സ്വദേശിനിയുടെ പരാതിയിലാണ് തീരുമാനം. ബേങ്കിന് നല്‍കാനുള്ള തുക നല്‍കി ഇടപാടുകാരി നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കത്തിലുള്ള സ്വര്‍ണം തിരികെ നല്‍കാനാണ് നിര്‍ദേശം. വാഴക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉന്നതര്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് കാണിച്ച് അദാലത്തില്‍ പരാതി ലഭിച്ചു. സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ അന്വേഷണം നടത്താന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയുള്ള പരാതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. അദാലത്തില്‍ പരിഗണിച്ച 52 പരാതികളില്‍ 27 എണ്ണം തീര്‍പ്പാക്കി. 22 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അഡ്വ. ഹാറൂണ്‍ റശീദും സിറ്റിംഗില്‍ സംബന്ധിച്ചു.