Connect with us

Kozhikode

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വൈരാഗ്യം സൃഷ്ടിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ തന്ത്രം: പ്രൊഫ. രാംപുനിയാനി

Published

|

Last Updated

കുറ്റിയാടി: വര്‍ഗീയ കലാപങ്ങളില്‍ ആക്രമണങ്ങള്‍ക്കും കൊലക്കും ഇരകളാക്കപ്പെടുന്ന് നിരപരാധികളാണെന്നും പൊതുതാത്പര്യമുള്ള വിഷയങ്ങളില്‍ സങ്കുചിത വികാരങ്ങള്‍ ഒഴിവാക്കി ഐക്യപ്പെടുകയാണ് ഇന്ന് ജനങ്ങള്‍ ചെയ്യേണ്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും വര്‍ഗീയവിരുദ്ധ പോരാളിയുമായ പ്രൊഫ. രാംപുനിയാനി.
വര്‍ഗീയതയുടെ സങ്കീര്‍ണതകള്‍ ചരിത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ എന്ന വിഷയത്തില്‍ മാസ് മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാദാപുരം സംഭവത്തെ തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട മാനവികം പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കെട്ടുകഥകളുണ്ടാക്കി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വൈരാഗ്യം സൃഷ്ടിച്ചെടുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയ തന്ത്രമാണ്. ലൗ ജിഹാദ് അത്തരമൊരു കെട്ടുകഥയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പവരുത്തേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ബാധ്യതയാണ്. ദേശീയതയുടെ പേരില്‍ അധികാരത്തിലേറുന്ന ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ അപകടകാരിയാണ്. ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും രോഗങ്ങളും എല്ലാ ജനവിഭാഗങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. ഇവക്കെതിരെ പോരാടികൊണ്ട് മാത്രമേ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെ തുടച്ചുമാറ്റാന്‍ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. മൊയ്തു കണ്ണങ്കോടന്‍ അധ്യക്ഷത വഹിച്ചു. ടി നാരായണന്‍ പുനിയാനിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കണ്ണന്‍ കരിങ്ങാട്, ഡോ. വി പ്രസാദ്, അഡ്വ. സിജു, ഒ ബാബു, സി കെ കരുണാകരന്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest