കാരുണ്യ ചികില്‍സാ പദ്ധതിയില്‍ കൂടുതല്‍ ആശുപത്രികള്‍

Posted on: May 7, 2015 5:39 am | Last updated: May 6, 2015 at 11:40 pm

തിരുവനന്തപുരം: കാരുണ്യ ഫണ്ടില്‍ നിന്നുള്ള ചികില്‍സ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രധാന ആശുപത്രികളില്‍ ലഭ്യമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ കേരളത്തിലെ തിരഞ്ഞെടുത്ത ആശുപത്രികളിലെ ചികിത്സക്ക് മാത്രമാണ് ആനുകൂല്ല്യം നല്‍കുന്നത്. കാരുണ്യയുടെ പ്രയോജനം കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ച് പാവപ്പെട്ടവര്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പല ജില്ലകളിലും രോഗികള്‍ക്ക് ദൂരെയുള്ള ആശുപത്രികളില്‍ നിന്നാണ് ഇത്തരം ചികിത്സ ലഭിക്കുന്നത്. ഇതുസംബന്ധിച്ച നിവേദനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. കാരുണ്യ ഫണ്ടിലൂടെയുള്ള ചികില്‍സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകള്‍ അംഗീകരിക്കുന്ന എല്ലാ ആശുപത്രികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 700 കോടി രൂപയാണ് ഇതിനകം കാരുണ്യ ബനവലന്റ് ഫണ്ടിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്തത്.
ഹീമോഫീലിയ ബാധിച്ച രോഗികള്‍ക്ക് ആജീവനാന്തം മരുന്നുകള്‍ നല്‍കും. ഫാക്ടര്‍ 8, ഫാക്ടര്‍ 9, ഫാക്ടര്‍ 7എ, ഫീബാ എന്നീ മരുന്നുകളാണ് നല്‍കുന്നത്. എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഹീമോഫീലിയാ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ലഭിക്കേണ്ടതുണ്ട്. ഇത്തരം രോഗികളുടെ എണ്ണം കുറവാണെങ്കിലും അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുന്ന് ലഭ്യമാക്കുന്നതിനുള്ള പണം കാരുണ്യാ ബനവലന്റ് ഫണ്ടില്‍ നിന്ന് പരിധിയില്ലാതെ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഇത്തരം രോഗികള്‍ക്ക് സൗജന്യ മരുന്നിന് രണ്ട് ലക്ഷം രൂപയുടെ വരുമാന പരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ പരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.