ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയെന്ന് സര്‍ക്കാര്‍

Posted on: May 7, 2015 5:31 am | Last updated: May 6, 2015 at 11:32 pm

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിം ഇപ്പോള്‍ എവിടെയുണ്ടെന്ന വാദത്തില്‍ നിലപാടു തിരുത്തി കേന്ദ്ര സര്‍ക്കാര്‍. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദാവൂദ് ഇപ്പോള്‍ എവിടെയാണെന്നതിന് വ്യക്തമായ വിവരമില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിതാഭായ് ചൗധരിയുടെ മുന്‍ നിലപാടാണ് സര്‍ക്കാര്‍ തിരുത്തിയത്. ദാവൂദ് ഉള്ള സ്ഥലം കണ്ടെത്തിയാല്‍ ഇന്ത്യയിലെ കേസുകളില്‍ വിട്ടു കിട്ടാനുള്ള നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ചൗധരിയുടെ വെളിപ്പെടുത്തലിന് എതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ആദ്യ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് ദാവൂദ് വിഷയത്തില്‍ നിലപാടു മാറ്റി സര്‍ക്കാര്‍ പുതിയ വിശദീകരണം നല്‍കിയത്. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.
പാകിസ്താനില്‍ എവിടെയാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാറിന്റെ പക്കലുണ്ടെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ലോക്‌സഭയില്‍ വ്യക്തമാക്കി.