International
വിമാനം ഇടിച്ചിറക്കുന്നതിന് സഹപൈലറ്റ് റിഹേഴ്‌സല്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ട്

പാരീസ്: ജര്‍മന്‍ വിംഗ്‌സ് വിമാനം ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ ഇടിച്ചിറക്കി കൂട്ടക്കൊല നടത്തിയെന്ന് കരുതുന്ന സഹ പൈലറ്റ് മുമ്പത്തെ പറക്കലുകളില്‍ ഇതിനുള്ള റിഹേഴ്‌സല്‍ നടത്തിയിരുന്നതായി ജര്‍മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 27കാരനായ സഹപൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്‌സ് ഡസല്‍ഡോര്‍ഫില്‍നിന്നും ബാര്‍സിലോണയിലേക്കുള്ള യാത്രയില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ഒരു മിനുട്ട് നീണ്ടുനില്‍ക്കുന്ന താഴോട്ട് പറക്കല്‍ നടത്തിയിരുന്നതായായും ഇതിന് വൈമാനികമായ യാതൊരു കാരണവുമില്ലായിരുന്നുവെന്നും ഫ്രഞ്ച് അന്വേഷണ അധികൃതര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് അന്വേഷക സംഘം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാന ദുരന്തം സംബന്ധിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് ബില്‍ഡിന്റെ ഈ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷക സംഘം പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 24ന് ബാര്‍സിലോണയില്‍നിന്നും ഡസര്‍ഡോര്‍ഫിലേക്കുള്ള യാത്രക്കിടെയാണ് ഫ്രഞ്ച് പര്‍വതനിരകളില്‍ ജര്‍മന്‍ വിംഗ്‌സ് വിമാനം തകര്‍ന്നുവീണത്. ആത്മഹത്യാ പ്രവണതയുള്ള ലുബിറ്റ്‌സ് വിമാനം ബോധപൂര്‍വം ആല്‍പ്‌സില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന് ഫ്രഞ്ച് അന്വേഷക സംഘം കണ്ടെത്തിയിട്ടുണ്ട്.