Connect with us

International

ഹൂത്തികള്‍ക്ക് നേരെയുള്ള വ്യോമാക്രമണം സഊദി ശക്തമാക്കി

Published

|

Last Updated

സന്‍ആ: യമനിലെ ഹൂത്തികള്‍ക്ക് നേരെയുള്ള സഊദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം ഇന്നലെ ശക്തമാക്കി. ഹൂത്തി വിമതര്‍ സഊദി നിയന്ത്രണത്തിലുള്ള പ്രദേശം കഴിഞ്ഞ ദിവസം ആക്രമിച്ചതോടെയാണ് വീണ്ടും ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സഊദി ആക്രമണം ശക്തമാക്കിയത്. സഊദിയോട് ചേര്‍ന്നുകിടക്കുന്ന യമനിലെ ഹജ്ജ, സാദ പ്രവിശ്യകളില്‍ 30 ലേറെ വ്യോമാക്രമണങ്ങള്‍ ഇന്നലെ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം സഊദി അതിര്‍ത്തി പ്രദേശമായ നജ്‌റാനിന് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലത്തെ സഊദി ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായും 100ലധികം പേര്‍ക്ക് പരുക്കേറ്റതായും ഹൂത്തി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹൂത്തി വിമതര്‍ സഊദിക്ക് നേരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇവിടെയുള്ള പ്രാദേശിക വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും സഊദി റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇവിടെയുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടിയതായും സഊദി അറിയിച്ചു. ഹൂത്തി ആക്രമണത്തിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാവുമെന്ന് സഊദി ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസിരി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവിധ വഴികളും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനുഷിക പരിഗണനകള്‍ കണക്കിലെടുത്ത് താത്കാലികമായി യമനിലെ ഹൂത്തികള്‍ക്ക് നേരെയുള്ള വ്യോമാക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് സഊദി നേതാക്കള്‍ അറിയിച്ചിരുന്നു. അതിനിടെയാണ് നജ്‌റാനിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയത്. യമനിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റിയാദിലെത്തിയിട്ടുണ്ട്.
അതേസമയം, ഗള്‍ഫില്‍ ഉച്ച കോടിയില്‍ സംസാരിക്കുന്നതിനിടെ, ഇറാന്റെ ഭീഷണികളെ ശക്തമായി നേരിടുമെന്ന് സഊദി രാജാവ് സല്‍മാന്‍ ബിന്‍അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചു. ഇതിന് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യമന്‍ പ്രശ്‌നത്തില്‍ തങ്ങള്‍ എന്നും ഗള്‍ഫ് രാജ്യങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഫ്രാന്‍സ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Latest