വനിതാ സംരംഭകര്‍ക്ക് സബ്‌സിഡി; പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് ഊന്നല്‍

Posted on: May 7, 2015 5:16 am | Last updated: May 6, 2015 at 11:16 pm

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് മുന്‍ഗണന നല്‍കിയും വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡി നല്‍കിയും സംസ്ഥാന സര്‍ക്കാറിന്റെ പുതിയ വ്യവസായ നയം മന്ത്രിസഭായോഗം അംഗീകരിച്ചു. സംരംഭങ്ങള്‍ പടുത്തുയര്‍ത്തുന്നതിനു നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കാര്യക്ഷമമായ സമ്പ്രദായം ഏര്‍പ്പെടുത്തും. പ്രാദേശിക വികസനത്തിനും പ്രാദേശിക വിഭവങ്ങളെ ഉപയോഗിക്കുന്നതിനും തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലും സൂക്ഷമ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും.

എസ് സി, എസ് ടി, വനിതാ സംരംഭകര്‍, വിദേശ മലയാളികള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കും. വ്യാവസായിക മേഖലകളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ പൊതുമേഖലയും പി പി പി മോഡലും ലാന്‍ഡ് അക്വിസിഷന്‍, ലാന്‍ഡ് പൂളിംഗ്, സ്വകാര്യ വ്യവസായിക പാര്‍ക്ക് അല്ലങ്കില്‍ എസ്റ്റേറ്റ് എന്നിവയിലൂടെ ആവശ്യമായ വ്യാവസായിക ഭൂമി ലഭ്യമാക്കും. അടിസ്ഥാന സൗകര്യത്തിനായി പൊതു വ്യവസായിക ഭൂമിയോ, സ്വകാര്യ വ്യവസായിക പാര്‍ക്ക് അല്ലങ്കില്‍ എസ്റ്റേറ്റോ ലഭ്യമാക്കും.
നാഷനല്‍ മാനുഫാക്ച്ചറിംഗ് പോളിസി, പെട്രോളിയം – കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് റീജിയണ്‍സ്, ഇലക്‌ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റേഴ്‌സ്, എം എസ് ഇ – സി ഡി പി എന്നിവയുമായി ചേര്‍ന്ന് വ്യാവസായിക ക്ലസ്റ്ററുകള്‍ വികസിപ്പിക്കും. മനുഷ്യ വിഭവശേഷി വികസിപ്പിച്ച് സേവന – വാണിജ്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കും. ആഗോള തലത്തിലെ സാങ്കേതിക വിദ്യയും ഗുണമേന്മയും മാനേജ്‌മെന്റ് വൈദഗ്ധ്യവും സംസ്ഥാനത്തിന് പരിചയപ്പെടുത്തി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നവജീവന്‍ നല്‍കും. ആഗോള നിലവാരം അളവുകോലാക്കി നിലവാരമുള്ള വ്യാവസായിക സൗകര്യങ്ങള്‍ ഒരുക്കി വ്യാവസായിക നിക്ഷേപകരെ ആകര്‍ഷിക്കും. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ വിജ്ഞാനാധിഷ്ഠിത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി നോളജ് സിറ്റി തിരുവനന്തപുരം ടെക്‌നോ സിറ്റിയില്‍ സ്ഥാപിക്കും. സമയബന്ധിതമായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ച് പുതിയ സംരംഭം ആരംഭിക്കുവാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.
ഇലക്‌ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് മേഖലയില്‍ പുതിയ സംരംഭകര്‍ക്കായി 20 ശതമാനം മൂലധന സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കും. ഈ മേഖലയില്‍ 10 കോടിയിലധികം നിക്ഷേപമുള്ളവയെ 5 വര്‍ഷത്തെ വാറ്റില്‍ നിന്നും ഒഴിവാക്കും. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ മേഖലയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി തുടര്‍ച്ചയായി ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും അദാലത്തുകള്‍ സംഘടിപ്പിക്കും. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 30 ശതമാനം നിക്ഷേപക സബ്‌സിഡി അനുവദിക്കും. ഫുഡ് പ്രോസസ്സിംഗ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ മെഗാ ഫുഡ് പാര്‍ക്ക് സ്‌കീമില്‍ ആരംഭിക്കും. കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ പാലക്കാട് ജില്ലയിലും മറ്റൊന്ന് കെ എസ് ഐഡി സിയുടെ കീഴില്‍ ആലപ്പുഴയിലുമാണ് സ്ഥാപിക്കുക. വന്‍കിട സംരംഭങ്ങളിലേക്ക് നിക്ഷേപം യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും സഹകരണം ഉറപ്പാക്കാന്‍ വേണ്ടി പ്രത്യേക സമിതിയും രൂപവത്കരിക്കും. പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരീശീലന പദ്ധതികള്‍ ആവിഷ്‌കരിക്കും. സ്വന്തമായി വില്‍പ്പനശാലകള്‍ ആരംഭിക്കുന്നതിനായി കരകൗശല നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. സംസ്ഥാനത്തെ ഫര്‍ണിച്ചര്‍ മേഖലയും വസ്ത്രവ്യവസായ മേഖലയും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വികസിപ്പിക്കും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷടിക്കുമെന്നതിനാല്‍ വന്‍കിട വ്യവസായങ്ങളേയും നിര്‍മാണ മേഖലകളേയും പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാറിന് പരിമിതിയുണ്ടെന്നും നയം വ്യക്തമാക്കുന്നു.