Editorial
മേല്‍ത്തട്ട് പരിധിയും കമ്മീഷന്‍ ശിപാര്‍ശകളും

ഒ ബി സി(മറ്റു പിന്നാക്ക വിഭാഗങ്ങള്‍) സംവരണത്തിനുള്ള മേല്‍ത്തട്ടുപരിധി (ക്രീമിലെയര്‍) ആറല ലക്ഷത്തില്‍ നിന്നും 10.50 ലക്ഷം രൂപയായി ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരിക്കയാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍. കുതിച്ചുയരുന്ന ജീവിതച്ചെലവും ശമ്പളത്തിലും വരുമാനത്തിലുമുണ്ടായ വര്‍ധനയും പിന്നാക്ക വിഭാഗക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും പരിഗണിച്ചാണ് ശിപാര്‍ശ. നിയമപ്രകാരം 27 ശതമാനം തൊഴില്‍ സംവരണം ഉണ്ടെങ്കിലും പിന്നാക്ക വിഭാഗക്കാരുടെ തസ്തികകളല്‍ നല്ലൊരു ഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്. പരിധി ഉയര്‍ത്തിയാല്‍ ഇവ കുറെയൊക്കെ നികത്താനും കൂടുതല്‍ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ ലഭ്യമാക്കാനും സാധ്യമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ വരുമാനപരിധി ഒരു ലക്ഷമായിരുന്നു. 2004ല്‍ അത് 2.5 ലക്ഷവും 2008ല്‍ 4.5 ലക്ഷവും 2013ല്‍ ആറ് ലക്ഷവുമാക്കി ഉയര്‍ത്തി. രണ്ടാം യു പി എ സര്‍ക്കാറാണ് ആറ് ലക്ഷമാക്കിയത്. നഗരമേഖലയില്‍ 12 ലക്ഷവും ഗ്രാമീണ മേഖലയില്‍ ഒന്‍പത് ലക്ഷവുമായി ഉയര്‍ത്താനായിരുന്നു അന്ന് കമ്മീഷന്റെ നിര്‍ദേശമെങ്കിലും ഗ്രാമ, നഗര വ്യത്യാസമന്യേ എല്ലായിടത്തും ആറ് ലക്ഷം രൂപയായി നിശ്ചയിക്കുകയായിരുന്നു സര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ഒ ബി സി വിഭാഗക്കാരുടെ 27 ശതമാനം സംവരണ ക്വാട്ട നികത്തുന്നതിന് യോഗ്യതാ മാനദണ്ഡങ്ങള്‍ ഇളവുചെയ്യണമെന്നും ജസ്റ്റിസ് വി ഈശ്വരപ്പ ചെയര്‍മാനായ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. കമ്മീഷന്‍ ശിപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ താമസിയാതെ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. കമ്മീഷന്റെ ശിപാര്‍ശ നടപ്പാക്കാന്‍ നിയമപരമായി സര്‍ക്കാര്‍ ബധ്യസ്ഥമാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ വരുമാന പരിധി ഉയര്‍ത്തുന്നത് പിന്നാക്ക വോട്ടുകള്‍ സ്വാധീനിക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലും ബി ജെ പി നേതൃത്വത്തിനുണ്ട്. അടുത്തിടെ പാര്‍ലിമെന്റിലെ പിന്നാക്കവിഭാഗ എം പിമാരുടെ സമിതി ഹനുമന്തറാവുവിന്റെ നേതൃത്വത്തില്‍ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് വരുമാനപരിധി ഉയര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
സാമ്പത്തികം, വിദ്യാഭ്യാസം, ജോലി തുടങ്ങി എല്ലാ മേഖലകളിലും വളരെ പിന്നാക്കമായിരുന്നു ബ്രിട്ടീഷുകാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ രാജ്യത്തെ ചില സമുദായങ്ങളും ജാതികളും. സവര്‍ണ സമുദായക്കാരായിരുന്നു ബ്രിട്ടീഷ് ഭരണത്തില്‍ ഉയര്‍ന്ന ഉദ്യോഗ പദവികളേറെയും കൈയടക്കിയിരുന്നത്. ഇതര സമുദായങ്ങള്‍ക്കും ജാതിക്കാര്‍ക്കും അന്ന് സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റുക ദുഷ്‌കരമായിരുന്നു. ഇത് മൂലം ജമ്മുകാശ്മീര്‍ മുതല്‍ തെക്ക് കേരളം വരെയുള്ള എല്ലാ ഭാഗങ്ങളിലും വ്യത്യസ്ത സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിവിശേഷമാണ് നിലവിലിരുന്നത്. ഇതിന് പരിഹാരം കാണാനും ജനങ്ങള്‍ക്കിടയില്‍ എല്ലാ മേഖലകളിലും സമത്വം നടപ്പാക്കാനുമാണ് ഭരണഘടനാ ശില്‍പിയായ ഡോ. അബേദ്കര്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരാനുകൂല്യം പ്രഖ്യാപിച്ചത്. ഖേദകരമെന്ന് പറയട്ടെ, സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടോളമായിട്ടും ഈ ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിനായില്ല. ജീവിത സൂചികയുടെ ഉയര്‍ച്ചക്കനുസരിച്ചു സംവരണാനുകൂല്യത്തിനുള്ള പരിധി ഉയരുന്നില്ലെന്നത് ഇതിനൊരു കാരണമാണ്. ബുദ്ധിപരമായ ഉയര്‍ച്ചയും മികച്ച പരീക്ഷാമാര്‍ക്കും ഉണ്ടായിട്ടും വിദ്യാഭ്യാസ സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകാത്തത് മൂലം പഠനം തുടരാന്‍ സാധിക്കാത്ത അനേകം പേര്‍ പിന്നാക്ക വിഭാഗങ്ങളിലുണ്ട്. ജീവിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് ബൗദ്ധിക ഉന്നതി കൈവരിക്കുന്നതിനും വിദ്യാഭ്യാസവും തൊഴിലും നേടാനുമുള്ള അവകാശമെന്ന വസ്തുത കണക്കിലെടുത്ത് അവരുടെ മേല്‍ത്തട്ട് പരിധി കാലോചിതമായും ജീവിത സൂചികക്കനുസൃതമായും ഉയര്‍ത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അതിന്റെ നിഷേധം പൗരാവകാശ ലംഘനമാണ്.
ഇതോടൊപ്പം പിന്നാക്കക്കാര്‍ക്ക് അനുവദിച്ച സംവരണാനുകൂല്യങ്ങള്‍ തട്ടിയെടുക്കാനും സംവരണനയം അട്ടിമറിച്ചു പിന്നാക്കക്കാരെ എന്നും പിന്നാക്കമായി തളച്ചിടാനും നടക്കുന്ന ആസൂത്രിത കരുനീക്കങ്ങളെ ഗൗരവ പൂര്‍വം കാണേണ്ടതുമുണ്ട്. മുസ്‌ലിംകള്‍ക്ക് നീക്കി വെച്ച തസ്തികളിലാണ് ഇത്തരം അട്ടിമറികള്‍ കൂടുതലും. ഒ ബി സിക്ക് രംഗനാഥ മിശ്ര കമ്മീഷന്‍ ശിപാര്‍ശ ചെയ്ത പതിനഞ്ച് ശതമാനം സംവരണത്തില്‍ 6.4 ശതമാനം മുസ്‌ലിംകള്‍ക്ക് നീക്കിവെക്കാനുള്ള തീരുമാനം തിരുത്തി കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് അത് 4.5 ശതമാനമായി വെട്ടിച്ചുരുക്കിയത് ഉള്‍പ്പെടെ ഒട്ടേറെ ഉദാഹരങ്ങള്‍ ഇതിന് ചൂണ്ടിക്കാണിക്കാനുണ്ട്. മതന്യൂനപക്ഷങ്ങളെക്കുറിച്ചു പഠനം നടത്തിയ കമ്മീഷനുകളൊക്കെ രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് മുസ്‌ലിംകളാണെന്നു കണ്ടെത്തിയിട്ടും അവരുടെ സംവരണത്തോത് നാലര ശതമാനത്തിലോ ആറര ശതമാനത്തിലോ പരിമിതപ്പെടുത്തുന്ന നയവും തിരുത്തപ്പെടേണ്ടതാണ്. ഭരണപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടവരുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധക്കുന്ന അവസരവാദ രാഷ്ടീയ നയരൂപവത്കരണ രീതി കൈവെടിഞ്ഞു രാജ്യത്ത് സാമൂഹിക നീതി ഉറപ്പ് വരുത്താനുള്ള ഭരണഘടനാപരവും മാനുഷികവുമായ പ്രതിബദ്ധതയാണ് ഭരണ തലപ്പത്തുള്ളവര്‍ കാണിക്കേണ്ടത്.