ദാവൂദ് എവിടെയുണ്ടെന്ന് അറിയില്ലെന്ന് കേന്ദ്രം

Posted on: May 6, 2015 5:01 am | Last updated: May 6, 2015 at 12:02 am

ന്യൂഡല്‍ഹി: ദാവൂദ് ഇബ്‌റാഹിം എവിടെയുണ്ടെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദാവൂദ് ഉള്ള സ്ഥലം കണ്ടെത്തിയാല്‍ ഇന്ത്യയിലെ കേസുകളില്‍ വിട്ടു കിട്ടാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായി ചൗധരി ലോക്‌സഭയെ അറിയിച്ചു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ കുറ്റാരോപിതനായ ദാവൂദ് ഇബ്‌റാഹിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യു എന്‍ രക്ഷാസമിതി ദാവൂദിനെതിരെ പ്രത്യേക നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടെന്നും എഴുതി നല്‍കിയ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ദാവൂദിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തെളിവുകള്‍ അടങ്ങിയ നിരവധി രേഖകള്‍ പാക്കിസ്ഥാന് ഇന്ത്യ കൈമാറിയിരുന്നു.