Connect with us

National

ആദായ നികുതി ഉദ്യാഗസ്ഥര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ പോലീസുകാര്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു: ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെന്ന നാട്യത്തില്‍ ഒരാളില്‍ നിന്നും 27.5 ലക്ഷം രൂപ കൊള്ളയടിച്ച ആന്ധ്രാപ്രദേശ് പോലീസിലെ മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റിലായി. ആന്ധ്രാപ്രദേശ് പോലീസിലെ ബി വി ശേഖര്‍(40), കെ സത്യനാരായണന്‍(41), ബി ജയണ്ണ(43) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലാ സിറ്റി സെന്‍ട്രല്‍ ഡിവിഷന്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ അനന്തപൂര്‍ ജില്ലയിലെ എമ്മിഗനുറുവില്‍ സ്വര്‍ണവ്യാപാരിയായ എം അലീം ബെയ്ഗിന്റെ പണമാണ് പോലീസുകാര്‍ കൊള്ളയടിച്ചത്. ഇയാളുടെ സ്ഥാപനത്തില്‍ ജീവനക്കാരനായ ടിപ്പു സുല്‍ത്താനെ സ്വര്‍ണം വാങ്ങാന്‍ 27.5 ലക്ഷം രൂപയുമായി മാര്‍ച്ച് 12ന് ബെംഗളൂരുവിലേക്കയച്ചതായിരുന്നു. ഈ വിവരം ലഭിച്ച മൂന്ന് പോലീസുകാരും സുല്‍ത്താനെ പിന്തുടര്‍ന്ന് ബെംഗളൂരുവിലെത്തി. തങ്ങള്‍ ആദായനികുതി വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരാണെന്ന് സുല്‍ത്താനെ തെറ്റിദ്ധരിപ്പിച്ച ശേഷം ചോദ്യം ചെയ്യാനെന്ന ഭാവത്തില്‍ അയാളെ ഒരു കാറില്‍ക്കയറ്റിക്കൊണ്ട് പോയി. വിമാനത്താവളത്തിലേക്കുള്ള റോഡിലൂടെയായിരുന്നു ഓട്ടം. അതിനിടയില്‍ അവര്‍ സുല്‍ത്താനെ ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു. സ്വര്‍ണം വാങ്ങാന്‍ ഉടമ എന്തുകൊണ്ട് വന്നില്ല എന്നതിനെ ചൊല്ലിയായിരുന്നു കൂടുതല്‍ ചോദ്യങ്ങള്‍. അതിനിടയില്‍ സുല്‍ത്താനേയും കൊണ്ടുള്ള യാത്ര മറ്റൊരു കാറിലാക്കി. കാര്‍ മാറുന്നതിനിടയില്‍ പണം അടക്കംചെയ്ത ബാഗ് കൈക്കലാക്കിയ പോലീസുകാര്‍ അതുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
വഴിയില്‍ ഇറക്കിവിട്ട സുല്‍ത്താന്‍ ഒരു വിധം അള്‍സൂര്‍ ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സുല്‍ത്താനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വെച്ച് പോലീസിന് കൊള്ളക്കാരെ സംബന്ധിച്ച് ഏകദേശ വിവരം ലഭിച്ചിരുന്നു. ഈ കേസിന് മാത്രമായി രൂപവത്കരിച്ച പ്രത്യേക പോലീസ് സംഘം അപ്പോഴേക്കും അതിവിദഗ്ദമായി തട്ടിപ്പ് നടത്തിയ മൂന്ന് പോലീസുകാരേയും പിടികൂടി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അവധിയെടുത്താണ് മൂന്ന് പോലീസുകാരും കൊള്ളയടിക്കാനിറങ്ങിയതെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest