Connect with us

International

ഗാസ ആക്രമണത്തിനിടെ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് കുറ്റസമ്മതം

Published

|

Last Updated

ജറൂസലം: കഴിഞ്ഞ വര്‍ഷം ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണത്തില്‍ പങ്കെടുത്ത നിരവധി ഇസ്‌റാഈല്‍ സൈനികര്‍ ഗുരുതരമായ ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. സൈനികരില്‍ നിന്ന് തെളിവ് സ്വീകരിക്കുന്ന ഇസ്‌റാഈല്‍ മനുഷ്യാവകാശ സംഘത്തിന് മുമ്പാകെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നിരവധി സൈനികര്‍ വിവേചനരഹിതമായി ഫലസ്തീനികള്‍ക്കെതിരെ നിറയൊഴിച്ചതായും യുദ്ധരീതികളില്‍ കാതലായ മാറ്റം അനിവാര്യമായിരിക്കുകയാണെന്നും സംഘം നേതാവ് യൂലി നോവാക് വെളിപ്പെടുത്തി. വിവേചനരഹിതമായ വെടിവെപ്പില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
50 ദിവസം നീണ്ടുനിന്ന ഗാസാ ആക്രമണത്തില്‍ പങ്കെടുത്ത നിരവധി സൈനികരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കുറ്റം ചെയ്ത സൈനികരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊഴി മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫലസ്തീനില്‍ യുദ്ധത്തിലേര്‍പ്പട്ട ഇസ്‌റാഈല്‍ സൈനികരുടെ ഈ കൃത്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുമെന്ന് ഇവര്‍ പറയുന്നു. യുദ്ധത്തിനിടെ എങ്ങനെ പെരുമാറണമെന്ന നിയമങ്ങളുടെ കാര്യത്തില്‍ ഇസ്‌റാഈല്‍ വളരെ അയവ് വരുത്തിയെന്നും ഇത് വന്‍തോതില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
ഒരു സൈനികന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: “ഗാസക്കുള്ളില്‍ ഉള്ളതെല്ലാം ഭീഷണിയാണ്. ഈ പ്രദേശം ജനവാസമില്ലാത്തതാക്കി മാറ്റണം. ആരെങ്കിലും വെള്ള പതാക വീശിക്കാട്ടുന്നില്ലെങ്കില്‍ പിന്നെ വെടിയുതിര്‍ക്കും. മറ്റൊന്നും നോക്കില്ല”.
നേരത്തെ ഗാസയുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്‌റാഈല്‍ നിരവധി സൈനികര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് ഇസ്‌റാഈല്‍ സര്‍ക്കാര്‍ നിഷേധിച്ചു. എന്തെങ്കിലും മതിയായ തെളിവ് ഈ സംഭവങ്ങള്‍ക്കില്ലെന്നും അതിനാല്‍ അന്വേഷിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു. ഇസ്‌റാഈല്‍ ഗാസയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുമ്പാകെ എത്തിക്കുമെന്നാണ് ഫലസ്തീന്‍ ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Latest