Malappuram
ശസ്ത്രക്രിയ ചെയ്ത രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ തുണിക്കെട്ട് മറന്നുവെച്ചെന്ന്

മലപ്പുറം: മൂത്രതടസ്സം നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ തുണിക്കെട്ട് മറന്നുവെച്ചതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയിലായതായി ബന്ധുക്കളുടെ പരാതി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയനായ നരിപ്പറമ്പ് നമ്പിലവളപ്പില്‍ കുഞ്ഞിമുഹമ്മദിനാ(53)ണ് ഈ അവസ്ഥയുണ്ടാത്. മൂത്രതടസ്സം കാരണം ഡോക്ടറെ സമീപിച്ചപ്പോള്‍ സ്‌കാന്‍ ചെയ്തശേഷം മൂത്രസഞ്ചിയില്‍ മുഴ ഉണ്ടെന്നും അത് നീക്കാന്‍ ഓപ്പറേഷന്‍ വേണമെന്നും നിര്‍ദേശിക്കുകയായിരുന്നു. ഓപ്പറേഷനുശേഷം ബയോപ്‌സി റിപ്പോര്‍ട്ട് പ്രകാരം ക്യാന്‍സറാണെന്ന് സംശയമുണ്ടെന്നും തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സ തേടണമെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓപ്പറേഷന് വിധേയനായി 11 ദിവസങ്ങള്‍ക്കുശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും വയറിലെ ഓപ്പറേഷന്റെ മുറിവ് ഉണങ്ങിയില്ല. ആര്‍ സി സിയില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ ഓപ്പറേഷന്‍ സമയത്ത് നൂലോ മറ്റോ കുടുങ്ങിയതാകാമെന്ന മറുപടിയാണ് ലഭിച്ചത്.
ഓപ്പറേഷന്‍ ചെയ്ത ഡോക്ടറെ കാണിച്ചു പരിശോധിപ്പിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഇത് അവഗണിച്ചു. ഓപ്പറേഷന്‍ സമയത്ത് രോഗിയുടെ കുടല്‍ തിരിഞ്ഞതുകൊണ്ടാകാം ഇതെന്നാണ് പറഞ്ഞത്. പരിശോധിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നാണ് മൊഴി. എന്നാല്‍, രോഗിയുടെ അവസ്ഥ മോശമാകുകയും മലവിസര്‍ജനം തടസ്സപ്പെടുകയും വയര്‍ വീര്‍ക്കുകയും ചെയ്തു. മുറിവില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധത്തോടെ ച ില വസ്തുക്കള്‍ പുറത്തുവന്നു. ഇത് തുടച്ചുകൊണ്ടിരിക്കെ മുറിവിലൂടെ ഒരു തുണിക്കെട്ട് പുറത്തേക്ക് തള്ളിവരികയും ഇതേ തുടര്‍ന്ന് മാര്‍ച്ച് 26ന് ഓപ്പറേഷന്‍ നടത്തി തുണിക്കെട്ട് പുറത്തെടുക്കുകയും ചെയ്തു. തുണിക്കെട്ടിന്റെ ഭാഗം കൈമാറണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ ചെറിയ ഭാഗം മാത്രം നല്‍കി.
ഇതിനിടെ ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചെങ്കിലും മുറിവിനുള്ളില്‍ തുണിക്കെട്ട് മാസങ്ങളോളം ഇരുന്നത് കാരണം കുടലിന് ദ്വാരം വീഴുകയും കീമോ തെറാപ്പി ചെയ്യാന്‍ പോലും പറ്റാത്ത വിധം ആന്തരികാവയവങ്ങളില്‍ മുറിവ് പറ്റി പഴുപ്പ് ബാധിക്കുകയും ചെയ്തു. അശ്രദ്ധ മൂലമുണ്ടായ അപകടത്തിനെതിരെ പ്രതികരിച്ചപ്പോള്‍ മോശമായ രീതിയിലാണ് ഡോക്ടര്‍മാര്‍ പെരുമാറിയതെന്ന് മകന്‍ മുജീബ് റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.