Ongoing News
കുടുംബകേസിനിടെ കോടതിയില്‍ നിന്ന് മാതാവ് മക്കളുമായി മുങ്ങി

തൊടുപുഴ: കുടുംബകോടതിയില്‍ കേസ് നടക്കുന്നതിനിടെ വീട്ടമ്മ മക്കളുമായി മുങ്ങി. ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചതനുസരിച്ച് മക്കളെയും കൂട്ടി കോടതിക്ക് പുറത്തുപോയ മാതാവ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന പോലീസ് കേസെടുത്തു.
വിദേശത്ത് ജോലി ചെയ്യുന്ന എഴുകുംവയല്‍ സ്വദേശിയായ യുവതിയാണ് കുട്ടികളുമായി മുങ്ങിയത്. 12 വയസുള്ള പെണ്‍കുട്ടിയും എട്ടുവയസുള്ള ആണ്‍കുട്ടിയും ഇവരുടെ ഇഷ്ടപ്രകാരം പിതാവിന്റെ സഹോദരിയോടൊപ്പം റാന്നിയില്‍ താമസിക്കുകയായിരുന്നു. മാതാവിനോടൊപ്പം പോകാന്‍ കുട്ടികള്‍ തയാറാകാതെവന്നതോടെ കോടതിയുടെ സംരക്ഷണയിലായിരുന്നു കുട്ടികള്‍.
കേസിന്റെ ഭാഗമായി കഴിഞ്ഞദിവസം കുട്ടികളെ കോടതിയിലെത്തിച്ചപ്പോഴാണ് അവരുമായി മാതാവ് മുങ്ങിയത്. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പോ മാതാവ് തിരിച്ചു പോകുന്നതിനുമുമ്പോ ഏതാണോ ആദ്യം, അന്നുവരെ മാതാവിനോടൊപ്പം കുട്ടികളെ അയയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കുട്ടികള്‍ ഇതിനു തയാറായില്ല. ഇതോടെ കോടതി നേരിട്ട് ഇടപെട്ട് കുട്ടികളെ മാതാവുമായി അടുപ്പിക്കുന്നതിന് കുട്ടികള്‍ക്കു ഭക്ഷണം വാങ്ങിക്കൊടുത്ത് രണ്ടുമണിക്കൂറിനകം തിരികെ കോടതിയില്‍ എത്തണമെന്ന വ്യവസ്ഥയില്‍ പറഞ്ഞയയ്ക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് മൂന്നുവരെ കുട്ടികളും മാതാവും കോടതിയില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് കോടതി സെര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുകയും പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.