Editorial
അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമാക്കണം

മനുഷ്യാവകാശ സമിതിയുടെ അഴിമതി നിര്‍മാര്‍ജന ദിനാചരണ ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് പോള്‍ പറഞ്ഞ കാര്യങ്ങള്‍ കേരളീയ സമൂഹത്തിന് പുതിയ വിവരങ്ങളല്ല. അഴിമതിയുടെ സാര്‍വത്രികതയും സംസ്ഥാനത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥ- ക്രിമിനല്‍ കൂട്ടുകെട്ടും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന ഇടപെടലുകളും പൊതുവെ അറിയപ്പെട്ട കാര്യങ്ങളാണ്. എങ്കിലും ഉത്തരവാദപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇതൊക്കെ വെട്ടിത്തുറന്നു പറയുമ്പോള്‍ അതിന് കൂടൂതല്‍ ഗൗരവും പ്രാധാന്യവുമുണ്ട്. അത് പറയാന്‍ ഇടയാക്കിയ സാഹചര്യമെന്തെന്ന് മനസ്സിലാക്കി പരിഹാരം കാണേണ്ടതുമുണ്ട്.
വെറുക്കപ്പെട്ട ഒരു കുറ്റകൃത്യമായിരുന്നു അഴിമതി അടുത്ത കാലം വരെയും. അഴമതിയാരോപണത്തിന് ഇരയാകുന്നത് വലിയ നാണക്കേടായാണ് സമൂഹം കണ്ടിരുന്നത്. കുറ്റാരോപിതരെ ഭരണ തലങ്ങളില്‍ വെച്ചുപൊറുപ്പിക്കാന്‍ മുന്‍കാല ഭരണ നേതൃത്വങ്ങള്‍ തയാറായിരുന്നുമില്ല. എന്ത് തന്നെ ആരോപണങ്ങളുയര്‍ന്നാലും കിട്ടിയ സ്ഥാനങ്ങള്‍ കൈവെടിയില്ലെന്ന ദുര്‍വാശിയോ അധികാരത്തോടുള്ള അത്യാര്‍ത്തിയോ അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രകടിപ്പിച്ചതുമില്ല. വിന്‍സെന്റ് പോള്‍ അഭിപ്രായപ്പെട്ടത് പോലെ ഇന്നിപ്പോള്‍ അഴിമതിക്കേസില്‍ അകപ്പെടുന്നത് ഒരാളും നാണക്കേടായി കാണുന്നില്ല. ബാര്‍കോഴക്കേസ് മുമ്പിലുള്ളപ്പോള്‍ ഇതിന് വേറെ തെളിവ് തേടിപ്പോകേണ്ടതില്ല.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് അഴിമതി. ഇത് തടയേണ്ടവര്‍ തന്നെയാണ് വന്‍ അഴിമതിക്കാരെന്നത് നമ്മുടെ മറ്റൊരു ദുര്യോഗം. രാഷ്ട്രീയത്തില്‍ അഴിമതിയുടെ കറപുരളാത്ത, ആദര്‍ശ പ്രതിബദ്ധതയുള്ള നേതാക്കളെ മഷിയിട്ട് തിരഞ്ഞാല്‍ പോലും കണ്ടെത്താനാകില്ല. മോന്തായം വളഞ്ഞാല്‍ പിന്നെ മറ്റുള്ളവയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഭരണ തലങ്ങളിലെ അഴിമതി ഉദ്യോഗസ്ഥ ലോബിക്ക് പ്രചോദനമാകുകയാണ്. മാത്രമല്ല, അധികാരത്തിലിരിക്കുന്നവര്‍ കാണിക്കുന്ന നെറികേടുകള്‍ക്ക് കൂട്ടുനില്‍ക്കാനും കേസില്‍ അകപ്പെടുമ്പോള്‍ പിന്നാമ്പുറങ്ങളിലൂടെ രക്ഷപ്പെടുത്താനും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുയും ചെയ്യുന്നു. അഴിമതിക്കേസുകളില്‍ നിയമത്തിന്റെ വഴിയേ മുന്നോട്ട് നീങ്ങാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന വിന്‍സെന്റ് പോളിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത് ഇത്തരം സമ്മര്‍ദങ്ങളിലേക്കാണ്.
ബാര്‍ കോഴക്കേസില്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി രണ്ടുവട്ടം അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി സുരേഷ് കുമാറിനെ കൊച്ചിയിലെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന റിപ്പോര്‍ട്ട് നല്‍കരുതെന്ന് ആവശ്യപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ.് കേസില്‍ മന്ത്രി കെ എം മാണിയെ പ്രതി ചേര്‍ത്ത് എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നതിന് തലേ ദിവസമായിരുന്നു ഇതിലൊന്ന്. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നല്‍കിയ സ്വതന്ത്രാധികാരത്തിന്റെ ബലത്തില്‍, മുകളില്‍ നിന്ന് എന്ത് സമ്മര്‍ദമുണ്ടായാലും നിയമപരമായി മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അന്ന് മന്ത്രിയെ പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയത്. ഭരണ നേതൃങ്ങളിലുള്ളവര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഇത്തരം സമ്മര്‍ദങ്ങള്‍ സാധാരണമാണ്. ഇതുകൊണ്ടാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത പല കേസുകളിലും അന്വേഷണം വഴിമുട്ടുന്നതും അഴിമതിവിരുദ്ധ സംവിധാനങ്ങള്‍ പരാജയപ്പെടന്നതും. വിവരാവകാശ സംവിധാനം വഴി പുറത്തുവന്ന വിവരമനുസരിച്ചു വിജിലന്‍സ് കേസുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 2009ല്‍ 80.23 ശതമാനം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ 2013ല്‍ 59 ശതമാനം പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. രാഷ്ട്രീയ ഇടപെടല്‍ മൂലം അന്വേഷണം മരവിപ്പിക്കുന്ന പ്രവണത വര്‍ധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതിശക്തവും ദൃഢനിശ്ചയത്തോടെയുള്ളതുമായ നടപടികളിലൂടെ മാത്രമേ അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ ലക്ഷ്യത്തിലാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ രൂപവത്കൃതമായതെങ്കിലും പിന്നീട് വിജിലന്‍സ് മാന്വല്‍ (1992) പോലെയുള്ള ഭേദഗതികളിലൂടെ അതിന്റെ പ്രവര്‍ത്തനത്തില്‍ ഭരണാധികാരികള്‍ക്ക് ഇടപെടാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു. ഭരണ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇടപെടലുകള്‍ക്കുള്ള പഴുതുകള്‍ ഒഴിവാക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇത്തരം സംവിധാനങ്ങള്‍ ഫലപ്രദമാകുകയുള്ളൂ. വിജിലന്‍സ് വകുപ്പില്‍ ഇപ്പോള്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന തരത്തിലുള്ള നടപടിക്രമത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും 2011 ജനുവരി 25ന് വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുന്‍ എം ഡി ആന്റണി കോര്‍ഡോസയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ട കാര്യവും ശ്രദ്ധേയമാണ്.