Gulf
ദുബൈയില്‍ വെള്ളത്തിനടിയില്‍ ടെന്നീസ് കോംപ്ലക്‌സ് വരും

ദുബൈ: വെള്ളത്തിന് മുകളില്‍ ഒഴുകിനടക്കുന്നതും അടി ഭാഗത്ത് താമസിക്കാന്‍ സാധിക്കുന്നതുമായ വില്ലാ പദ്ധതികള്‍ക്ക് ശേഷം ദുബൈയില്‍ വെള്ളത്തിനടിയില്‍ ടെന്നീസ് കോംപ്ലക്‌സ് പണിയാന്‍ ആലോചന. പോളിഷ് ആര്‍കിടെക്ട് ആയ ക്രിസിസ്‌റ്റോഫ് കൊട്ടാലയാണ് ഇതിന്റെ ബുദ്ധി കേന്ദ്രം. പോളണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍കിടെക്ചര്‍ സ്ഥാപനമാണ് ഇതിനായി പദ്ധതി തയ്യാറാക്കുന്നത്. വന്‍ മുതല്‍ മുടക്ക് ആവശ്യമുള്ള പദ്ധതിയായതിനാല്‍ ദുബൈയില്‍ ഇതിന് സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ ദുബൈയിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നായി ഇതുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇക്കൊപ്പം ഇത്തരം ഒരു പദ്ധതിക്ക് പറ്റിയ രാജ്യങ്ങളാണ് ജപ്പാനും ഖത്തറുമെന്ന് ക്രിസിസ്റ്റോഫ് പറഞ്ഞു. വേള്‍ഡ് എക്‌സ്‌പോ 2020ന് ദുബൈ വേദിയാവുന്നതും 2022ലെ ഫിഫ വേള്‍ഡ് കപ്പിന് ഖത്തര്‍ വേദിയാവുന്നതുമാണ് ഈ രണ്ട് രാജ്യങ്ങളെയും പദ്ധതിക്കായി പരിഗണിക്കാന്‍ കാരണം.
ഏഴു കോര്‍ട്ടുകളും റിക്രിയേഷന്‍ ആന്‍ഡ് എക്‌സ്ബിഷന്‍ സെന്ററും ഉള്‍പെട്ടതായിരിക്കും പദ്ധതി. പരിസ്ഥിതി സൗഹൃദമായാവും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിനായി എത്ര തുക വേണ്ടിവരുമെന്നത് സംബന്ധിച്ച് കൃത്യമായ ഒരു പഠനം നടത്തിയിട്ടില്ലെന്നും ക്രിസിസ്‌റ്റോഫ് സൂചിപ്പിച്ചു.